പാലക്കാട് പട്ടാമ്പിയില്‍ ഭാരതപ്പുഴക്ക് കുറുകെ പുതിയ പാലം നിര്‍മിക്കാനുളള നടപടികള്‍ തുടങ്ങി. മുപ്പതു കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പാലത്തിന്റെ രൂപരേഖ തയ്യാറാക്കി കിഫ്ബിക്ക് സമർപ്പിക്കാനാണ് തീരുമാനം.
ഭാരതപ്പുഴയുടെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന പട്ടാമ്പി പാലത്തിന് അറുപത് വർഷത്തിലേറെ കാലപഴക്കമുണ്ട്. ഇനി എത്രനാള്‍ വാഹനപ്പെരുപ്പത്തെ താങ്ങുമെന്ന് ഉറപ്പില്ല. വീതിയില്ലാത്തതിനാല്‍ ഗതാഗതക്കുരുക്കും രൂക്ഷമാണ്. പാലത്തിന്റെ കൈവരി തൂണുകള്‍ പലതും തകര്‍ന്നുതുടങ്ങി.
വാഹനങ്ങള്‍ പോകുമ്പോള്‍ പാലത്തിലൂടെയുളള കാല്‍നടയാത്രയും അപകടം വരുത്തിവയ്ക്കുന്നു. ഇതിന് പരിഹാരമായാണ് പുതിയപാലം നിര്‍മിക്കാന്‍ തീരുമാനം. കഴിഞ്ഞ ബജറ്റില്‍ പാലം നിർമ്മിക്കാൻ തുക വകയിരുത്തി ഭരണാനുമതി ലഭിച്ചിരുന്നു. ഇനി രൂപരേഖ തയ്യാറാക്കി കിഫ്ബിയിലേക്ക് സമർപ്പിക്കണം. അന്തിമ രൂപരേഖ തയ്യാറാക്കാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥർ പാലം സന്ദർശിച്ചു. പഴയപാലം നിലനിർത്തി പ്രവൃത്തികള്‍ തുടങ്ങാനാണ് തീരുമാനം.
പട്ടാമ്പി പഴയ കടവിലൂടെയായിരിക്കും പുതിയപാലം നിര്‍മിക്കുക. പാലത്തിനായി ഇരുഭാഗങ്ങളിലും റോഡിനു വേണ്ടി സ്ഥലം ഏറ്റെടുക്കേണ്ടിവരും.വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ടിന് സാങ്കേതികാനുമതിയും ലഭിച്ചാല്‍ മാത്രമേ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാകു.