calicut-medical-college

ആരോഗ്യരംഗത്തെ പുതിയ വെല്ലുവിളികള്‍ നേരിടാന്‍  പൊതു ആരോഗ്യകേന്ദ്രങ്ങള്‍ സര്‍വസജ്ജമാകണമെന്ന് എ.കെ.ആന്റണി എം.പി.  കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പുതുതായി ആരംഭിച്ച ഡയാലിസിസ് പ്രോജക്ടിന്റെയും ഡിജിറ്റല്‍ മാമോഗ്രഫി യൂണിറ്റിന്റെയും ഉദ്ഘാടനം എ.കെ.ആന്റണി നിര്‍വഹിച്ചു.

എ.കെ.ആന്റണി എം.പിയുടെ എം.പി ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കിയ പതിനൊന്ന് ഹീമോ ഡയാലിസിസ് സെന്ററുകള്‍ രോഗികള്‍ക്കായി തുറന്നു നല്‍കി. അറുപത്തിലക്ഷത്തി നാല്‍പ്പത്തി ഒന്‍പതിനായിരം രൂപ മുതല്‍മുടക്കിലാണ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കില്‍ പുതിയ പദ്ധതി പൂര്‍ത്തിയാക്കിയത്. വൃക്കമാറ്റിവയ്ക്കലുള്ള പ്രത്യേക സജ്ജീകരണം, പെരിടോണിയല്‍ ഡയാലിസിസ് സെന്റര്‍ തുടങ്ങി അത്യാധുനികമായ സംവിധാനങ്ങളുള്‍പ്പെടുത്തിയ  യൂണിറ്റാണ് പ്രവര്‍ത്തനമാരംഭിച്ചത്. കോഴിക്കോട് എം.പി എം.കെ.രാഘവന്റെ എം.പി ഫണ്ടുപയോഗിച്ച ്പൂര്‍ത്തീകരിച്ച പതിനൊന്ന് ഹീമോ ഡയാലിസിസ് യന്ത്രങ്ങളും പ്രവര്‍ത്തനസജ്ജമായി.

പ്രതിമാസം ആയിരത്തില്‍പ്പരം രോഗികള്‍ക്ക് സ്തനാര്‍ബുദനിര്‍ണയം നടത്തുന്നതിനായി മികച്ച സൗകര്യം പുതിയ മാമോഗ്രഫി പദ്ധതിയിലൂടെ ലഭിക്കും. വയലാര്‍ രവി എം.പിയുടെ ഫണ്ടില്‍ ഉള്‍പ്പെടുത്തി നവീകരിച്ച ഡയാലിസിസ് കോംപ്ലക്സും ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളജ് ഹാളില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ എം.കെ.രാഘവന്‍ എം.പി  അധ്യക്ഷത വഹിച്ചു. എം.പി.വീരേന്ദ്രകുമാര്‍ എം.പി, എം.കെ.മുനീര്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ സാംബശിവ റാവു തുടങ്ങിയവര്‍ പങ്കെടുത്തു.