തമിഴ്നാട് വാൽപ്പാറക്കാരുടെ ഉറക്കം കെടുത്തി വീണ്ടും ജനവാസ മേഖലയിൽ പുലി സാന്നിധ്യം. പൊള്ളാച്ചി വാൽപ്പാറ റോഡിലും നല്ലകാത്ത് എസ്റ്റേറ്റിലെ തേയില തോട്ടത്തിലുമാണ് പുലിയെ കണ്ടത്. തേയില തോട്ടത്തിൽ രണ്ട് പുലികളെ കണ്ടതിന് പിന്നാലെ ഒരേ ദിവസം മൂന്നിടങ്ങളിൽ കൂടി പുലി സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
തേയിലത്തോട്ടത്തിലെ പാറയോട് ചേർന്നാണ് രണ്ട് പുലികളെ കണ്ടത്. പുലികൾ ഒരിടത്തല്ല. മൂന്ന് ദിവസത്തിനിടെ നാലിടങ്ങളില്‍ രണ്ട് പുലികളെയും തോട്ടം തൊഴിലാളികള്‍ നേരില്‍ക്കണ്ടു. രാത്രിയില്‍ വീടുകള്‍ക്ക് സമീപം പുലിയെത്തുന്നത് സിസിടിവിയിലും പതിഞ്ഞിട്ടുണ്ട്.ഇതോടെ രണ്ടെണ്ണവും ജനവാസമേഖല വിട്ട് കാട് കയറിയിട്ടില്ലെന്ന് നാട്ടുകാര്‍ ഉറപ്പിക്കുകയാണ്.
തോട്ടം തൊഴിലാളികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ആശങ്ക കൂട്ടുന്ന മണിക്കൂറുകളാണ്. പൊള്ളാച്ചി വാല്‍പ്പാറ റോഡില്‍ കഴിഞ്ഞദിവസം രാത്രിയിലും പുലിയെ വാഹനയാത്രികര്‍ കണ്ടു. ചുരം റോഡരികില്‍ കണ്ടതും തോട്ടത്തില്‍ പ്രത്യക്ഷപ്പെട്ടതും വ്യത്യസ്ത പുലികളെന്നാണ് നിഗമനം.
ആന, കടുവ, പുലി, കാട്ടുപോത്ത്, കരടി തുടങ്ങി അപകടകാരികളായ വന്യമൃഗങ്ങള്‍ വീണ്ടും വാല്‍പ്പാറയില്‍ പതിവായി എത്തുന്നതാണ് ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്. അവധിക്കാലമായതിനാല്‍ കേരളത്തില്‍ നിന്നുള്‍പ്പെടെ നിരവധി വിനോദസഞ്ചാരികള്‍ വാല്‍പ്പാറയിലേക്ക് എത്തുന്നതിനാല്‍ വനംവകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ആവശ്യം.