സംസ്ഥാനത്തെ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലാണ് കാസര്‍കോട് ജില്ലയിലെ റാണിപുരം. പക്ഷേ  മതിയായ സുരക്ഷാ സൗകര്യങ്ങളില്ലാതെയാണ് ഇവിടെ സഞ്ചാരികള്‍ വന്നുപോകുന്നത്. വനം, വിനോദ സഞ്ചാര വകുപ്പുകള്‍ തമ്മിലുള്ള ശീതസമരവും, സര്‍ക്കാരിന്റെ അവഗണനയുമാണ് റാണിപുരത്തെ തളര്‍ത്തുന്നത്. 

പച്ചപരവതാനി വിരിച്ചതുപോലുള്ള പുല്‍മൈതാനമാണ് റാണിപുരത്തെ മലമുകളിലെ പ്രധാന കാഴ്ച. കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന ഇവിടെ തണുത്ത കാറ്റ്  എപ്പോഴും വീശിയടിക്കും. ഈ സൗന്ദര്യം ആസ്വദിക്കാന്‍ നിരവധി സന്ദര്‍ശകര്‍ എത്താറുണ്ടെങ്കിലും ആസൗകര്യങ്ങളുടെ നീണ്ട നിരയാണ് ഇവരെ കാത്തിരിക്കുന്നത്. വിനോദസഞ്ചാരവകുപ്പ് ഏറ്റെടുത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ പോലുമൊരുക്കാന്‍ നാളിതുവരെ സാധിച്ചിട്ടില്ല.

അരകിലോമീറ്ററോളം ചെങ്കൂത്തായ കാട്ടുവഴികളിലൂടെ നടന്നാല്‍ മാത്രമെ റാണിപുരത്തിന്റെ സൗന്ദര്യം കുറച്ചെങ്കിലും ആസ്വദിക്കാനാകു.  കട്ടുവഴികളില്‍ പല സ്ഥലത്തും സുരക്ഷാ വേലികളില്ല. മലമുകളിലെത്തിയാല്‍ വിശ്രമിക്കാന്‍ താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ഒരു ഓലപ്പുരയൊഴിച്ചാല്‍ മറ്റു സൗകര്യങ്ങളൊന്നുമില്ല. 

റാണിപുരത്തിന്റെ വികസനത്തിനായി പദ്ധതികള്‍ പലത് സര്‍ക്കാര്‍ പട്ടികയിലുണ്ടെങ്കിലും കാര്യങ്ങള്‍ പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങി. പ്രവേശന ഫീസ് പിരിക്കുന്നതിനപ്പുറം വനം വകുപ്പിനോ, വിനോദ സഞ്ചാര വകുപ്പിനോ വികസനകാര്യത്തില്‍ താല്‍പര്യമില്ല.