കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ രോഗി മരിച്ചതിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടല്‍. കേസെടുത്ത കമ്മിഷന്‍ വിശദ അന്വേഷണത്തിന് നിര്‍ദേശം നല്‍കി. മരിച്ച അത്തോളി സ്വദേശി രാജന്റെ കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നൽകും.
ഇടതു കാലിന്റെ വിരലുകൾക്കിടയിലെ പഴുപ്പു കൂടിയതോടെയാണ് രാജൻ ബീച്ച് ആശുപത്രിയിൽ ചികിത്സ തേടിയത്. ആശുപത്രിയിൽ എത്തിയപ്പോൾ മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലായിരുന്നു. ഇഞ്ചക്ഷൻ നൽകിയതോടെയാണ് ആരോഗ്യ സ്ഥിതി വഷളായതെന്ന് ബന്ധുക്കൾ പറയുന്നു. പലതവണ നഴ്സിന്റെ മുറിയിൽ പോയി പറഞ്ഞിട്ടും ഡോക്ടർമാർ തിരിഞ്ഞുനോക്കിയില്ലന്ന് മകൻ മനോരമ ന്യൂസിനോട്.
പുലർച്ചയോടെ ഡോക്ടറെത്തി ഇസിജി എടുക്കാൻ നിർദേശിച്ചെങ്കിലും അപ്പോഴേക്കും രാജൻ മരിച്ചിരുന്നു. മകന്റെ ആരോപണം ഡി .എം.ഒ. അന്വേഷിക്കണമെന്നും മനുഷ്യവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. ചികിത്സ ലഭിച്ചില്ലെന്ന പരാതി ആശുപത്രി സൂപ്രണ്ട് അന്വേഷിക്കണമെന്നും കമ്മീഷൻ നിർദ്ദേശം നൽകി.