കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കിയ വകയില്‍ റിലയന്‍സ് ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്നുമാത്രം ആശുപത്രിക്ക് ലഭിക്കാനുള്ളത് മുപ്പത്തിയാറു കോടി രൂപയാണ്. പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ നാളെ ആശുപത്രി സൂപ്രണ്ട് കലക്ടറുമായി കൂടിക്കാഴ്ച നടത്തും.
ഇക്കഴിഞ്ഞ ഏപ്രില്‍ മുതലാണ് സംസ്ഥാനത്ത് കാരുണ്യ ആരോഗ്യ സുരക്ഷാ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കിയത് . നിലവില്‍ ഈ രണ്ടു മാസത്തിനിടെ 7705 പേര്‍ക്ക് ഈ പദ്ധതി പ്രകാരം ചികില്‍സ നല്‍കി. ഒമ്പത് കോടി രൂപയാണ് സര്‍ക്കാറിന് ഈ ഇനത്തില്‍ ചെലവായത്. എന്നാല്‍ ഈ പദ്ധതി നടത്തിപ്പു കരാറെടുത്ത റിലയന്‍സ് ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനി നല്‍കിയതാകട്ടെ ഒരു കോടി രൂപ മാത്രം. ഇതിനു പുറമെയാണ് നേരത്തെ നടപ്പിലാക്കിയ ആര്‍.എസ്.ബി.വൈ പദ്ധതിയില്‍ നിന്ന് ലഭിക്കാനുള്ള 28 കോടി രൂപ. ഇൗ പദ്ധതിയുടേയും നടത്തിപ്പ് കരാര്‍ റിലയന്‍സിനാണ്. ആശുപത്രി വികസന സമിതിയുടെ ഫണ്ടുപയോഗിച്ചാണ് നിലവില്‍ ആശുപത്രിയുടെ പ്രവര്‍ത്തനം. എന്നാല്‍ ആശുപത്രിക്ക് ലഭിക്കേണ്ട തുക സര്‍ക്കാറില്‍ നിന്ന് ലഭിക്കാതായതോടെ വികസന സമിതിയുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലാണ്.ഇതു മാത്രമല്ല കുടിശിക കൂടിയതോടെ മരുന്ന് –സ്റ്റന്‍ഡ് വിതരണക്കാര്‍ വിതരണം നിര്‍ത്തിവെക്കുമെന്ന മുന്നറിയിപ്പാണ് നല്‍കിയത്.മരുന്ന് വിതരണക്കാര്‍ക്ക് 30 കോടിയും സ്ന്റഡ്, പേസ് മേക്കര്‍ വിതരണക്കാര്‍ക്ക് 45 കോടി രൂപയും നല്‍കാനുണ്ട്.
നിലവില്‍ ഒരാഴ്ചത്തേക്കുള്ള സ്റ്റന്‍ഡ് മാത്രമാണ് മെഡിക്കല്‍ കോളജില്‍ അവശേഷിക്കുന്നത്.കുടിശിര തീര്‍ക്കണമെന്ന ആവശ്യവുമായി ഈ രണ്ടു സംഘടനകളും സൂപ്രണ്ടിനെ രണ്ടിലധികം തവണ കണ്ടു. പ്രശ്നം പരിഹരിക്കാന്‍ നടപടിയുണ്ടായില്ലെങ്കില്‍ ശസ്ത്രക്രിയകള്‍ നടത്താന്‍ കഴിയാത്ത സാഹചര്യമായിരിക്കും ഉണ്ടാവുക. .ഇൗ പ്രശ്നങ്ങളിലെല്ലാം പരിഹാരം ആവശ്യപ്പെട്ടാണ് സൂപ്രണ്ട് നാളെ കലക്ടറെ കാണുന്നത്