കണ്ണൂരില്‍ മഹാശിലാ യുഗത്തിലെ ചെങ്കല്‍ ഗുഹയില്‍ നിന്നും ആയുധങ്ങളും മണ്‍പാത്രങ്ങളും കണ്ടെത്തി. രണ്ടായിരത്തി അഞ്ഞൂറ് വര്‍ഷത്തിലധികം പഴക്കമുണ്ടെന്നാണ് പുരാവസ്തു വകുപ്പിന്‍റെ വിലയിരുത്തല്‍.
കണ്ണൂര്‍ പൊതുവാച്ചേരി മണിക്കീഴിയില്‍ ക്ഷേത്രത്തിന് സമീപത്താണ് നാല് ചെങ്കല്‍ ഗുഹകള്‍ കണ്ടെത്തിയത്. അതില്‍ ഒരു ഗുഹയില്‍ നിന്ന് ഒരു മീറ്റര്‍ നീളമുള്ള വാളും ചെറിയ കത്തികളും മണ്‍കുടങ്ങളും അസ്ഥികളും കണ്ടെത്തി. പുരാവസ്തു വകുപ്പിന്‍റെ നേതൃത്വത്തില്‍ ശാസ്ത്രീയ പരിശോധന നടത്തും. നേരത്തെ സമാനമായ കല്‍വെട്ട് അറകള്‍ കണ്ടെത്തിയപ്പോഴും ആയുധങ്ങള്‍ ലഭിച്ചിരുന്നു. അതില്‍ നിന്നാണ് ഈ ആയുധങ്ങള്‍ക്കും രണ്ടായിരത്തി അഞ്ഞൂറിലേറെ വര്‍ഷം പഴക്കമുണ്ടെന്ന നിഗമനത്തിലെത്തുന്നത്.
ചെങ്കല്‍ കുന്നുകളുടെ ചെരിവുകളിലാണ് ഇത്തരം ഗുഹകള്‍ കാണാറ്. അര്‍ധ ഗോളാകൃതിയിലാണ് നിര്‍മാണം. ഗുഹ സംരക്ഷിക്കുന്നതിനുള്ള വഴികളാണ് ആലോചിക്കുന്നതെന്ന് പുരാവസ്തു വകുപ്പ് അറിയിച്ചു.