calicut-beach

കോവിഡ് കാലത്ത് കോഴിക്കോട് ബീച്ചും വിജനമാണ്. ഈ കാലത്തിലൂടെ കടന്നുപോകുന്ന ഒരു പട്ടം കാണുന്ന കാഴ്ചകളും അനുഭവങ്ങളും കാണാം ഇനി

എന്തു സന്തോഷമായിരുന്നെന്നോ... ഇതുപോലെ കുട്ടികള്‍ എന്നെ ആകാശം തൊടാനായി പറത്തും..അപ്പോഴാണ് ബീച്ച് നന്നായി ഒന്നു കാണുക. എങ്ങും  ബഹളമാണ്. കളിപ്പാട്ടവില്‍പ്പനക്കാര്‍, കോഴിക്കോടിന്റെ രുചി നിറച്ച് ഐസ് വിഭവങ്ങള്‍, ഒട്ടക സവാരി ,അസ്തമയ സൂര്യനെകാണാനെത്തുന്നവര്‍ സൊറപറഞ്ഞിരിക്കുന്നവര്‍, ഗസലും കോഴിക്കോട്ടിന്റെ സംഗീതകൂട്ടങ്ങളും  ...ഇതായിരുന്നു എന്റെ ബീച്ച്.. അങ്ങനെയിരിക്കെയാണ് ആ മഹാമാരി എത്തിയത്.

ഇപ്പോള്‍ ഞാന്‍ കേള്‍ക്കുന്നത് തിരമാലകളുടെ ശബ്ദം മാത്രമാണ്.അതും ശാന്തം. മധുരം സമ്മാനിച്ച പെട്ടികള്‍ക്ക് മുന്നില്‍ ആരവങ്ങള്‍ ഇല്ല. അവധിക്കാലം കൂടിയാണ് കടന്നു പോകുന്നത്. കുട്ടികള്‍ നിറയേണ്ട , ഒാടിക്കളിക്കേണ്ട സമയമാണിത്. എനിക്കു കൂട്ടായി ഇങ്ങനെ കലപിലകൂട്ടാന്‍ ഇടയക്ക് കാക്കകള്‍ എത്തും. തെരുവുനായകള്‍ കടല്‍ത്തീരം കയ്യടക്കി.സൊറ പറഞ്ഞിരിന്ന ഇരിപ്പിടങ്ങള്‍ ആരെയോ  കാത്തിരിക്കുന്നു. അസ്തമയ സൂര്യനെ കാണാനും ആരുമില്ല. ആ പാട്ടൊക്കെ കേട്ട് ,ആകാശം തൊടാന്‍ എനിക്കൊന്നു പറക്കണം .