chettuvathrissur-25

ട്രോളിങ്ങ് നിരോധനം ഉറപ്പു വരുത്താൻ തൃശൂർ ജില്ലയിലെ കടലിൽ കലക്ടറുടെ മിന്നൽ പരിശോധന. ചേറ്റുവ ഹാർബറിൽ നിന്നും പുറപ്പെട്ട സംഘം ഒരു മണിക്കൂറോളം കടലിൽ പരിശോധന നടത്തി. ട്രോളിങ്ങ് നിരോധന നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്താനായിരുന്നു ഈ പരിശോധന. കടലിലും ഹാർബറിലും ജില്ലാ കലക്ടർ  വി ആർ കൃഷ്ണ തേജയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും പോലീസും ഉൾപ്പെട്ട സംഘം കടലിൽ പ്രത്യേക പട്രോളിംഗിനിറങ്ങി. 

കടലിൽ മത്സ്യ ബന്ധനം നടത്തുകയായിരുന്ന യാനങ്ങളുടെ രേഖകൾ  കലക്ടർ നേരിട്ട് പരിശോധിച്ചു. ട്രോളിങ്ങിന് വിരുദ്ധമായി നിരോധിത വലകൾ ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം നടക്കുന്നുണ്ടോയെന്നും പരിശോധിച്ചു. നിരോധനമുള്ള യാനങ്ങളുടെ സാന്നിധ്യവും പരിശോധിച്ചു.  നിയമലംഘനങ്ങൾ കണ്ടെത്തിയില്ലെന്ന് കലക്ടർ പറഞ്ഞു. മത്സ്യത്തൊഴിലാളികളുമായി സംസാരിച്ച് അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണ് കലക്ടർ മടങ്ങിയത്. ജൂലൈ 31 വരെയാണ് ട്രോളിംഗ് നിരോധനം.