palakkad

പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടും പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചതില്‍ അന്വേഷണം വേണമെന്ന് കുടുംബം. പാലക്കാട് കപ്പൂർ പടിഞ്ഞാറങ്ങാടിയിലെ മൈമൂനയുടെ മരണത്തില്‍ നാടാകെ ആശങ്കയിലാണ്. ചെറിയ ദൂരപരിധിയ്ക്കുള്ളില്‍ ആറ് നായ്ക്കളെ കഴിഞ്ഞദിവസങ്ങളിലായി ചത്ത നിലയിൽ കണ്ടെത്തിയതിലും അടിയന്തര നടപടിയുണ്ടാവണമെന്ന് ജനപ്രതിനിധികള്‍.  

ജനുവരി പതിനഞ്ചിനാണ് മൈമൂനയ്ക്ക് തെരുവ് നായയുടെ ആക്രമണത്തിൽ ചെവിയിലും മുഖത്തും പരുക്കേറ്റത്. ആദ്യം ചാലിശ്ശേരി ആരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലും മൈമൂനയെ പ്രവേശിപ്പിച്ചു. മൂന്ന് പ്രതിരോധ കുത്തിവയ്പെടുത്ത് വീട്ടിലേക്ക് മടങ്ങി. ഫെബ്രുവരി നാലിന് ചർദ്ദിയും ദേഹാസ്വാസ്ഥ്യവും ഉണ്ടായതിനെ തുടർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് തൃശൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ അഞ്ചാം തീയതി ഉച്ചയോടെയാണ് മൈമൂനയുടെ മരണമുണ്ടായത്. വാക്സീന്‍ എടുത്തിട്ടും എങ്ങനെ ജീവഹാനിയുണ്ടായി എന്നതില്‍ ആശങ്കയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും കുടുംബാംഗങ്ങള്‍. 

പടിഞ്ഞാറങ്ങാടിയിലും പരിസരത്തുമായി അടുത്തിടെ ആറ് തെരുവ് നായ്ക്കളെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. പേവിഷ ബാധയേറ്റ ലക്ഷണങ്ങളോടെ ചില നായ്ക്കള്‍ ഇപ്പോഴും പ്രദേശത്ത് തുടരുന്നതായും നാട്ടുകാര്‍. അടിയന്തര ഇടപെടലുണ്ടാവണമെന്ന് പഞ്ചായത്തംഗം. മൈമൂനയുടെ മരണം പേവിഷബാധ മൂലമാണെന്ന് സ്ഥിരീകരിച്ച ആരോഗ്യവകുപ്പ് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി അന്വേഷിക്കുമെന്നും അറിയിച്ചു. മുഖത്തേറ്റ കടി ഗുരുതര പട്ടികയിലുള്ളതാണെന്നും മുഴുവന്‍ ചികില്‍സാ വിവരങ്ങളും പരിശോധിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസറും പറഞ്ഞു. 

Housewife dies of rabies at Palakkad