ഒറ്റപ്പാലം നഗരസഭാ ബസ് സ്റ്റാൻഡിൽ യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷനു പരാതി. യാർഡിൽ മത്സരിച്ചോടിയ സ്വകാര്യ ബസ് ഇടിച്ച് അതിഥി തൊഴിലാളി മരിച്ചതിനു പിന്നാലെയാണു നഗരസഭാ കൗൺസിലർ പരാതിയുമായി കമ്മിഷനെ സമീപിച്ചത്.
ജില്ലയിലെ തന്നെ വലിയ സ്റ്റാൻഡുകളിൽ ഒന്നായ ഒറ്റപ്പാലത്ത് യാത്രക്കാർക്കുള്ള സുരക്ഷാ ക്രമീകരണങ്ങൾ പരിമിതമാണെന്ന് പരാതിയിൽ പറയുന്നു. ബസുകൾ നിർത്തിയിടുന്നതു പുന:ക്രമീകരിക്കാനും അമിതവേഗം നിയന്ത്രിക്കാനും നടപടി വേണമെന്നാണ് ആവശ്യം.
ബസിടിച്ച് അതിഥി തൊഴിലാളി മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. സമാനമായ പരാതി ഗതാഗത മന്ത്രിക്കും ഒറ്റപ്പാലം സബ് കലക്ടർക്കും നൽകിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് സ്റ്റാൻഡിനുളളിൽ തെറ്റായ ദിശയിൽ മത്സരിച്ചോടിയ സ്വകാര്യ ബസ് ഇടിച്ച് കൊൽക്കത്ത സ്വദേശി അമിനുർ ഷേക്ക് മരിച്ചത്. ഡ്രൈവർക്കെതിരെ കുറ്റകരമായ നരഹത്യ ഉൾപ്പെടെ ഗുരുതരമായ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിരുന്നു.