TAGS

കണ്ണൂര്‍ പരിയാരം ഗവ: മെഡിക്കൽ കോളജിലെ  അധികൃതരുടെ അനാസ്ഥയുടെ സ്മാരകമാണ് ഇന്ന്  കാമ്പസിലെ  മഴവെള്ള സംഭരണി. മെഡിക്കൽ കോളജിലെ കുടിവെളള ക്ഷാമത്തിന് പരിഹാരമാകുമായിരുന്ന പദ്ധതിയാണ് കാടുകയറി നശിക്കുന്നത്.  എം.വി. രാഘവൻ പരിയാരം മെഡിക്കൽ കോളജ് ചെയർമാനായിരുന്നപ്പോഴാണ്  സഹകരണ ശതാബ്ദി വർഷത്തിന്റെ സ്മാരകമായി കണ്ണൂർ ജില്ലാ സഹകരണബാങ്കിന്റെ സഹായത്തോടെ 50 ലക്ഷം രൂപ ചിലവഴിച്ച്  മഴവെള്ള സംഭരണി നിർമിച്ചത്. മെഡിക്കൽ കോളജിന്റേയും ആശുപത്രിയുടേയും ആവശ്യങ്ങൾക്കുവേണ്ട ശുദ്ധജലം ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. 

മെഡിക്കൽ കോളജ് പരിസരത്ത് ദേശീയപാതയ്ക്ക് അഭിമുഖമായ ഒന്നേകാൽ ഏക്കർ സ്ഥലത്താണ് മഴവെള്ള സംഭരണി നിർമിച്ചത്. ഒരുകോടി ലിറ്റർ മഴവെള്ളം സംഭരിക്കാവുന്ന ജില്ലയിലെ ഏറ്റവും വലിയ സംഭരണി മെഡിക്കൽ കോളജിന്റെ എല്ലാ കെട്ടിടങ്ങളിൽനിന്നും പൈപ്പ് വഴി വെള്ളം സംഭരണിയിലേക്ക് ഒഴുകിയെത്തും. കൂടാതെ പ്രദേശത്ത് മഴക്കാലത്ത് ഉണ്ടാകുന്ന ഉറവകളിൽ നിന്നുള്ള വെള്ളവും സംഭരണിയിലേക്ക് ഒഴുകിയെത്തുന്ന സംവിധാനവും ഒരുക്കിയിരുന്നു. 

തുടക്കത്തിൽ തന്നെ സംഭരണിയുടെ കോൺക്രീറ്റ് ചെയ്ത ഭാഗം പൊട്ടിപ്പിളർന്ന് വെള്ളം മുഴുവൻ ഭൂമിയിലേക്ക് താഴ്ന്നു. 

തുടർനടപടി എന്ന നിലയിൽ 12 ലക്ഷം രൂപ ചെലവിൽ മഴവെള്ള സംഭരണി മുഴുവനായി പോളിത്തീൻ കവർ ഉപയോഗിച്ച് പൊതിഞ്ഞ് ഉപയോഗം തുടങ്ങി. എന്നാൽ കുറേക്കാലം വെള്ളം സംഭരിക്കാൻ കഴിഞ്ഞെങ്കിലും വീണ്ടും ചോർച്ച തുടങ്ങി. നിരന്തരം പ്രശ്നങ്ങൾ വന്നതോടെ കോളേജിന്റെ എൻജിനിയറിംഗ് വിഭാഗം  സാങ്കേതിക പ്രശ്നങ്ങൾ പറഞ്ഞ് ജലസംഭരണി നന്നാക്കുന്നതിൽനിന്ന് ഒഴിഞ്ഞുമാറി. അതോടെ ജലസംഭരണിയും കാടുകയറി. അറ്റകുറ്റപ്പണി നടത്തി സംഭരണി ഉപയോഗപ്പെടുത്താനുള്ള ശ്രമം നടത്തുക അല്ലെങ്കിൽ  ആശുപതിയുടെ മറ്റ് എന്തെങ്കിലും വികസനാവശ്യങ്ങൾക്ക് ഈ സ്ഥലം ഉപയോഗപ്പെടുത്തുക എന്നിവയാണ് നാട്ടുകാർ മുന്നോട്ട് വയ്ക്കുന്ന പ്രശ്ന പരിഹാര മാർഗ്ഗങ്ങൾ.