സി.പി.എം നിയന്ത്രണത്തിലുള്ള സൊസൈറ്റിക്ക് ചട്ടം ലംഘിച്ച് പണം അനുവദിച്ചതിനെച്ചൊല്ലി കോഴിക്കോട് ജില്ലാ പഞ്ചായത്ത് യോഗത്തില്‍ എല്‍ഡിഎഫ് – യുഡിഎഫ് സംഘര്‍ഷം. സെക്രട്ടറിയെ യുഡിഎഫ് അംഗങ്ങള്‍ കയ്യേറ്റം ചെയ്തെന്ന് എല്‍ഡിഎഫ് ആരോപിച്ചു. അതേസമയം പണം അനുവദിച്ചതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സമ്മതിച്ചു.
കക്കോടിയില്‍ പ്രവര്‍ത്തിക്കുന്ന ഖാദി സൊസൈറ്റിക്കാണ് ജില്ലാ പഞ്ചായത്ത് ചട്ടം ലംഘിച്ച് 75 ലക്ഷം രൂപ അനുവദിച്ചത്. യോഗം തുടങ്ങിയപ്പോള്‍ തന്നെ യു.ഡി.എഫ് അംഗങ്ങള്‍ ഇക്കാര്യം ഉന്നയിച്ചതോടെ രൂക്ഷമായ വാക്കേറ്റമായി
യുഡിഎഫ് അംഗങ്ങളോട് പ്രസിഡന്റ് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടതോടെ കാര്യങ്ങള്‍ കൂടുതല്‍സങ്കീര്‍ണം. 75 ലക്ഷം അനുവദിച്ചതല്ലാതെ പണം കൈമാറിയിട്ടില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞെങ്കിലും യു.ഡി.എഫ് അംഗങ്ങള്‍ കേട്ടില്ല. സൊസൈറ്റിയുടെ മറവില്‍ കക്കോടിയില്‍ വാണിജ്യ സമുച്ചയമാണ് പണിയുന്നതെന്ന് യു.ഡി.എഫ് ആരോപിച്ചു.
പലതവണ ചര്‍ച്ചചെയ്താണ് തുക അനുവദിച്ചതെന്നും അപ്പോഴൊന്നും മിണ്ടാതിരുന്ന യു.ഡി.എഫ് അംഗങ്ങള്‍ ഇപ്പോള്‍ മനപൂര്‍വം സംഘര്‍ഷമുണ്ടാക്കിയതാണന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ഖാദി ബോര്‍ഡിന് കീഴിലുള്ള പദ്ധതിയാണന്ന് തെറ്റിദ്ധരിച്ചാണ് തുക അനുവദിച്ചതെന്നും പിന്നീടാണ് അതല്ലെന്ന് മനസിലായതെന്നും പ്രസിഡന്റ് പറഞ്ഞു.
യു.ഡി.എഫ് അംഗങ്ങള്‍ തടഞ്ഞുവച്ചതില്‍ പൊലീസില്‍ പരാതിനല്‍കാനാണ് ജില്ലാ പഞ്ചായത്ത് സെക്രട്ടറി വിനു സി കുഞ്ഞപ്പന്‍റെ തീരുമാനം.