കോഴിക്കോട് നരിക്കുനിയില്‍, ഹെല്‍മറ്റ് ധരിച്ചില്ലെന്ന കാരണത്താല്‍ മീന്‍ വില്‍പനക്കാരന്റ ബൈക്കിന്റ താക്കോല്‍ പൊലീസ് ഊരിക്കൊണ്ടുപോയതില്‍ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. നരിക്കുനി സ്വദേശി അപ്പുക്കുട്ടിയുടെ വാഹനത്തിന്‍റെ താക്കോലാണ് ശനിയാഴ്ച കാക്കൂര്‍ പൊലീസ് ഊരിയത്. അപ്പുക്കുട്ടി ബൈക്ക് മാറ്റാന്‍ വിസമ്മതിച്ചതോടെ കുട്ടയിലെ മീന്‍ ചീഞ്ഞു.
ശനിയാഴ്ച ചെങ്ങോട്ടുപോയിലില്‍ മീന്‍ കച്ചവടം നടത്തുന്നതിനിടെയാണ് അപ്പുക്കുട്ടിയെ ഹെൽമെറ്റ് വയ്ക്കാത്തതിന് കാക്കൂര്‍ പൊലീസ് പിടികൂടിയത്. ഇടവഴിയിലൂടെ ഹെൽമെറ്റ് വച്ച് പോകുമ്പോൾ ആളുകള്‍ വിളിച്ചാൽ കേൾക്കില്ലെന്നായിരുന്നു അപ്പുക്കുട്ടിയുടെ പ്രതികരണം. ഇത് പറഞ്ഞതോടെ പൊലീസുകാര്‍ മോശമായി സംസാരിച്ചെന്നും ബൈക്കിന്റ താക്കോൽ ഊരിക്കൊണ്ട് പോയെന്നുമാണ് അപ്പുക്കുട്ടി പറയുന്നത്
എണ്ണായിരത്തോളം രൂപയുടെ മീന്‍ ഉണ്ടായിരുന്നെന്നും 2600 രൂപയുടെ മീന്‍ മാത്രമേ വിറ്റിരുന്നുള്ളുവെന്നും അപ്പുക്കുട്ടി പറയുന്നു. പൊലീസ് നഷ്ടപരിഹാരം നല്‍കാതെ മീന്‍വണ്ടി വഴിയില്‍ നിന്ന് മാറ്റില്ലെന്നായി അപ്പുക്കുട്ടി. ഒടുവില്‍ മീനിരുന്ന് ചീഞ്ഞു. എന്നാല്‍ താക്കോല്‍ ഊരിക്കൊണ്ട് പോയിട്ടില്ലെന്നും അപ്പുക്കുട്ടി വാഹനത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയാണ് ചെയ്തതെന്നും പൊലീസ് പറയുന്നു. ജില്ലാ പൊലീസ് മേധാവിയോട് അന്വേഷിച്ച് ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്
Kozhikode complaint against police