അരനൂറ്റാണ്ട് അധ്വാനിച്ചുണ്ടാക്കിയ കൃഷിയിടം കാട്ടാനകൾ നശിപ്പിക്കാൻ തുടങ്ങിയതോടെ, കുലച്ച വാഴകൾ വെട്ടി നശിപ്പിച്ച് വയനാട്ടിലെ കർഷകൻ. നൂൽപ്പുഴ സ്വദേശി ചന്ദ്രനാണ് വാഴകൃഷി കൂട്ടത്തോടെ വെട്ടി നശിപ്പിച്ചത്.
ഒരായുസിന്‍റെ അധ്വാനത്തിന്‍റെ ഫലമാണ് നൂൽപ്പുഴ പണയമ്പം സ്വദേശി ചന്ദ്രന്റെ തോട്ടത്തിലെ തെങ്ങും കവുങ്ങും കുരുമുളകും കാപ്പിയുമെല്ലാം. പകലന്തിയോളം പണിയെടുത്തും, ഉറക്കമുളച്ച് കാവലിരുന്നും ഉണ്ടാക്കിയവ. ഇതിനോടൊപ്പം ചെയ്ത വാഴകൃഷി വിളവെടുപ്പിന് പാകമായതോടെ കാട്ടാനശല്യം രൂക്ഷമായി. ഒരു രാത്രി കാവൽ ഇരിക്കാതിരുന്നത്തോടെ കാട്ടാനകൾ കൃഷിയിടം താറുമാറാക്കി.
രണ്ടു ദിവസം കൊണ്ട് മാത്രം 40 കവുങ്ങും, 12 തെങ്ങും, നാൽപതോളം വാഴകളും കാട്ടാന നശിപ്പിച്ചു. കുരുമുളകിനും കാപ്പി ചെടികളൾക്കും വ്യാപക നാശം ഉണ്ട്. രണ്ടര ലക്ഷം രൂപ മുടക്കി കൃഷിയിടത്തിനു ചുറ്റും കാട്ടാനകളെ പ്രതിരോധിക്കാൻ സ്ഥാപിച്ച വൈദ്യുതി വേലിയും ആന തകർത്തു. വന്യമൃഗങ്ങൾ ഇറങ്ങിയ വിവരം വനപാലകരെ അറിയിച്ചാലും നടപടി ഉണ്ടാകുന്നില്ല. ഇതെല്ലാമാണ് കുലച്ച വാഴകൾ വെട്ടി നശിപ്പിക്കാൻ ചന്ദ്രൻ തീരുമാനിച്ചത്. ആനശല്യം ഇനിയെങ്കിലും കുറയുമെന്നാണ് ചന്ദ്രന്റെ പ്രതീക്ഷ.