നിരവധി പ്രതിസന്ധികൾക്ക് ഒടുവിൽ ഭാരതപ്പുഴയിലെ ഒറ്റപ്പാലം മീറ്റ്ന തടയണയിലെ ഷട്ടറുകൾ തുറന്നു. മഴ കുറഞ്ഞ് പുഴയിലെ ഒഴുക്കിന്‍റെ തീവ്രത ചുരുങ്ങിയതോടെയാണ് ഷട്ടറുകൾ തുറക്കാനായത്. നേരത്തെ മൂന്ന് വട്ടം ശ്രമിച്ചെങ്കിലും ഷട്ടർ ഉയർത്താൻ കഴിഞ്ഞിരുന്നില്ല.
മഴക്കാലത്തു കരയിലേയ്ക്കും തുടർന്ന് വീടുകളിലേയ്ക്കും വെള്ളം കയറാനുള്ള സാധ്യത പരിഗണിച്ചാണു നടപടി. ആദ്യദിവസം പത്തിലേറെ ഷട്ടറുകൾ തുറന്നു. ജല അതോറിറ്റിയുടെ മേൽനോട്ടത്തിൽ വിദഗ്ധരായ തൊഴിലാളികളെ ഉപയോഗിച്ചാണു ഷട്ടറുകൾ തുറക്കുന്നത്.
മഴ മാറി നിന്നാൽ അടുത്ത ദിവത്തോടെ മുഴുവൻ ഷട്ടറുകളും തുറക്കാനാകും. തടയണയിൽ ആകെ 26 ഷട്ടുകളാണുള്ളത്. \കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ പുഴയിലും കൈവഴികളിലും ഒഴുക്ക് ക്രമാതീതമായി വർധിച്ചതോടെയാണ് ഷട്ടറുകൾ തുറക്കാൻ പ്രതിസന്ധിയായത്. ഗായത്രിപ്പുഴയും തോടുകളും ഉൾപ്പെടെ കൈവഴികളിൽ നിന്നെല്ലാം ഭാരതപ്പുഴയിലേക്ക് ശക്തമായ ഒഴുക്കായിരുന്നു. തടയണ തുറക്കാൻ അഗ്നിശമന സേനയുടെ ഉൾപ്പെടെ സഹായത്തോടെ ജല അതോറിറ്റി പലതവണ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.
ഗായത്രിപ്പുഴയിലെ ചീരക്കുഴി ഡാമിൻ്റെ ഷട്ടറുകൾ അടച്ച് ഭാരതപ്പുഴയിലേക്കുള്ള ഒഴുക്ക് ക്രമീകരിച്ച ശേഷം മീറ്റ്നയിലെ ഷട്ടറുകൾ തുറക്കാൻ നടത്തിയ ശ്രമവും പാഴായി. വേനലിൻ്റെ തുടക്കത്തിൽ വെള്ളം സംഭരിക്കുന്നതിന്‍റെ ഭാഗമായാണ് തടയണ അടയ്ക്കാറുള്ളത്. മഴ ശക്തിപ്പടുന്നതോടെ ഷട്ടറുകൾ പരമാവധി ഉയർത്തുകയാണു പതിവ്. ഇത്തവണ ചുരുങ്ങിയ ദിവസൾങ്ങൾക്കിടെ കനത്ത വേനൽമഴ ലഭിച്ച് തടയണ നിറഞ്ഞു കവിഞ്ഞതോടെ ഷട്ടറുകൾ ഉയർത്താൻ കഴിയാത്ത സാഹചര്യമായി. ഒറ്റപ്പാലം, അമ്പലപ്പാറ സമഗ്ര ശുദ്ധജല പദ്ധതികളുടെ സ്രോതസ്സാണു മീറ്റ്ന തടയണ.