carcasses-of-cow-near-water-reservoir

TOPICS COVERED

പാലക്കാട് തൃത്താലയില്‍ ഭാരതപ്പുഴയില്‍ ശുദ്ധജലസംഭരണിക്ക് സമീപം കാലികളുടെ ജഡം കണ്ടെത്തിയതില്‍ വിശദമായ അന്വേഷണമുണ്ടാവുമെന്ന് മന്ത്രി എം.ബി.രാജേഷ്. വെള്ളിയാങ്കല്ല് ശുദ്ധജല സംഭരണിയിലെ ജലം പരിശോധനയ്ക്ക് അയച്ചു. മൂന്ന് പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം താൽക്കാലികമായി ജല അതോറിറ്റി നിര്‍ത്തിവച്ചു.

 

ഭാരതപ്പുഴയിൽ ശുദ്ധജലസംഭരണിക്ക് സമീപം തൃത്താല അത്താണിയിലാണ് കഴിഞ്ഞദിവസം കാലികളുടെ ജഡം കണ്ടെത്തിയത്. പട്ടാമ്പി മുതൽ വെള്ളിയാങ്കല്ല് തടയണയുടെ ഇരു കരകളിലുമായി ഏഴെണ്ണത്തിന്‍റെ ജഡമാണ് കണ്ടെത്തിയത്. ഇതെത്തുടര്‍ന്ന് പട്ടിത്തറ പമ്പ് ഹൗസിൽ നിന്നുള്ള പമ്പിങ് താൽക്കാലികമായി നിർത്തി. ആനക്കര, പട്ടിത്തറ, കപ്പൂർ പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണത്തിന് താല്‍ക്കാലിക പ്രതിസന്ധിയുണ്ടാവും. 

പുഴയിലെ വെളളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയതിന് ശേഷം മാത്രമേ പമ്പിംഗ് പുനരാരംഭിക്കുവെന്ന് ജല അതോറിറ്റി അറിയിച്ചു. ജനങ്ങളുടെ ആശങ്ക നീക്കുന്ന നടപടിയും കരുതലുമുണ്ടാവുമെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. മുന്നറിയിപ്പ് അവഗണിച്ച് കാലികളെ ഭാരതപ്പുഴയിലേക്ക് ഇറക്കുന്നവരെ പിടികൂടാന്‍ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ സംയുക്തമായി പരിശോധന തുടരുമെന്നും മന്ത്രി അറിയിച്ചു.

ENGLISH SUMMARY:

Minister M. B. Rajesh said that there will be a detailed investigation in founding carcasses of cows near the fresh water reservoir in Bharathapuzha, Trithala, Palakkad.