പന്നിക്കൂട്ടത്തിന്റെ നിരന്തര ആക്രമണം കാരണം ഒന്നാംവിള നെല്‍കൃഷിയിറക്കുന്നതിന് പ്രതിസന്ധിയിലായി പാലക്കാട്ടെ കര്‍ഷകര്‍. നെന്മാറ, വടവന്നൂര്‍, ചിറ്റൂര്‍ മേഖലയില്‍ ഏക്കര്‍ക്കണക്കിന് കൃഷിയിടത്തിലെ ഞാറ്റടിയാണ് പന്നിക്കൂട്ടം നാമാവശേഷമാക്കിയത്. രാത്രിയില്‍ കൃഷിയിടത്തിന് കാവലിരുന്നിട്ടും പ്രയോജനമില്ലെന്ന് കര്‍ഷകര്‍.
മഴകിട്ടി. കൃഷിയിടമൊരുക്കി. തടസങ്ങളെല്ലാം മാറ്റിവച്ച് ഒന്നാംവിള നെല്‍കൃഷിക്കുള്ള തയ്യാറെടുപ്പും തുടങ്ങി. ചിറ്റൂര്‍, നെന്മാറ, കുഴല്‍മന്ദം, വടവന്നൂര്‍ മേഖലയിലെല്ലാം ഏക്കര്‍ക്കണക്കിന് സ്ഥലത്ത് ഞാറ്റടിയിട്ടു. തളിരിന് തലപ്പൊക്കം വന്നതോടെ കൂട്ടമായെത്തിയവര്‍ കര്‍ഷകന്റെ പ്രതീക്ഷയുടെ കൂമ്പടച്ചു. പന്നിക്കൂട്ടം തച്ച് തകര്‍ത്തത് ചില്ലറ കൃഷിയിടമല്ല. ഞാറ്റടി ഉപയോഗശൂന്യമായതോടെ ഒന്നാംവിള കൃത്യസമയത്ത് തുടങ്ങാനാവുമോ എന്നതില്‍ കര്‍ഷകര്‍ക്ക് ആശങ്കയായി. കാലാവസ്ഥാമാറ്റവും രോഗകീടബാധയും പ്രതിരോധിക്കാന്‍ ശേഷിയുള്ള മികച്ച നെല്‍വിത്തുകളാണ് ഏറെ ശ്രദ്ധയോടെ പരിചരണം ഉറപ്പാക്കി നട്ടത്. ഒരു കിലോ വിത്തിന് നാല്‍പ്പത്തി അഞ്ച് രൂപയിലധികം നല്‍കിയാണ് കര്‍ഷകര്‍ സ്വന്തംനിലയില്‍ ഞാറ്റടി തയ്യാറാക്കിയത്. രാത്രിയില്‍ കര്‍ഷകര്‍ കൃഷിയിടത്തിന് സമീപം കാവലിരുന്നെങ്കിലും പന്നിയെ തുരത്താനായിട്ടില്ല. കൃഷിയിറക്കും മുന്‍പേ കര്‍ഷകര്‍ കടക്കെണിയിലായ സ്ഥിതിയാണ്.
ഞാറ്റടി ഉപയോഗശൂന്യമായതില്‍ കര്‍ഷകര്‍ക്ക് സഹായം കിട്ടാനുള്ള സാധ്യതയുമില്ല. തദ്ദേശസ്ഥാപനങ്ങള്‍ പന്നിയെ തുരത്താന്‍ സ്വീകരിച്ചിരിക്കുന്ന നടപടികളും വേഗത്തിലല്ലെന്ന വിമര്‍ശനമാണുയരുന്നത്.