north-rain

വടക്കൻ കേരളത്തില്‍ ശക്തമായ മഴയും നാശനഷ്ടങ്ങളും. കനത്ത മഴയിൽ കാസർകോട് മധൂർ ക്ഷേത്രത്തിൽ വെള്ളം കയറി. മധുവാഹിനി, തേജസ്വിനി പുഴകൾ കരകവിഞ്ഞൊഴുകി. കുറ്റിക്കോലിൽ കാർ ഒഴുക്കിൽപ്പെട്ട് യാത്രക്കാർ അത്ഭുതകരമായ രക്ഷപ്പെട്ടു. വയനാട്ടിൽ അഞ്ച് ദുരിതാശ്വാസ ക്യാംപുകളും തുറന്നു. ഇന്നലെ രാത്രി പെയ്ത മഴയെത്തുടർന്നാണ് നാശം. 

ഇന്നലെ രാത്രിയും പുലർച്ചെയുമായി പെയ്ത മഴയിലാണ് മധൂർ സിദ്ധിവിനായക ക്ഷേത്രത്തിൽ വെള്ളം കയറിയത്. ശ്രീകോവിലിന്റെ പടിക്കെട്ട് വരെ വെള്ളമെത്തി. ക്ഷേത്രത്തിന്റെ സമീപത്തെ കടകളിലും വെള്ളം കയറി.

 ദേശീയപാതയിൽ ബേവിഞ്ചയിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. മധുവാഹിനിപ്പുഴ കരകവിഞ്ഞൊഴുകിയതോടെ പട്ലയിൽ പത്തിലേറെ വീടുകളിൽ വെള്ളം കയറി. ആളുകളെ അഗ്നി രക്ഷാസേനയും നാട്ടുകാരും ചേർന്ന് തോണിയിലും റെസ്ക്യൂ ബോട്ടിലുമാണ് രക്ഷപെടുത്തിയത്. കുറ്റിക്കോലിൽ കൈവരി ഇല്ലാത്ത പാലത്തിൽ നിന്ന് കാർ പുഴയിലേക്ക് വീണ് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. 

 

കനത്ത മഴയിൽ പള്ളഞ്ചി പുഴയിൽ നിന്ന് വെള്ളം കയറി പാലം മൂടിയ നിലയിലായിരുന്നു. കാഞ്ഞങ്ങാട് നിന്നും പുത്തൂരേക്ക് പോവുകയായിരുന്നു കാഞ്ഞങ്ങാട് സ്വദേശികളായ റാഷിദ് തസ്രീഫ് എന്നിവരാണ് രക്ഷപെട്ടത്. വയനാട്ടിൽ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ബത്തേരി താലൂക്കിൽ 23 കുടുംബങ്ങളെ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. കല്ലൂർ പുഴ കരകവിഞ്ഞൊഴുകി. ബത്തേരി നമ്പ്യാർകുന്നിൽ വീടിന്റെ മേൽക്കൂര തകർന്നു. 

കണ്ണൂർ കാർത്തികപുരം സ്കൂളിന്റെ ചുറ്റുമതിൽ ഇടിഞ്ഞ് റോഡിലേക്ക് വീണു. കോഴിക്കോട് മാവൂരിൽ ചാലിയാർ പുഴ കരകവിഞ്ഞൊഴുകി താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. 

ENGLISH SUMMARY:

Heavy Rainfall In Northern Districts Of Kerala