nellippuzha

TOPICS COVERED

കുണ്ടും കുഴിയും നിറഞ്ഞ് തോടിന് സമാനമായി മാറി മണ്ണാര്‍ക്കാട് ചിന്നത്തടാകം റോഡിലെ നെല്ലിപ്പുഴ മുതല്‍ ആനമൂളി വരെയുള്ള ഭാഗം. അട്ടപ്പാടി ചുരത്തിലേക്കുള്ള ഏക വഴിയെന്ന നിലയില്‍ ദുരിതം സഹിച്ചും പലരും യാത്ര തുടരുകയാണ്. ചരക്ക് ലോറിയും ഇരുചക്രവാഹനങ്ങളും കുഴിയില്‍ വീണ് അപകടത്തില്‍പ്പെടുന്നതും പതിവ്. 

 

ഒന്നല്ല ഒരുപാട് കുഴിയുണ്ട്. നീളവും വീതിയുമെല്ലാം പരസ്പരം മല്‍സരിച്ച് രൂപപ്പെട്ടത് പോലെ. അട്ടപ്പാടിയിലേക്ക് വരുന്നവരുടെ നടുവൊടിക്കുന്ന മട്ടിലാണ് നെല്ലിപ്പുഴ മുതല്‍ ആനമൂളി വരെയുള്ള പാത. ചെറുവാഹന യാത്രികര്‍ ഏറെ പ്രതിസന്ധിയിലൂടെയാണ് ഇരുഭാഗത്തേയ്ക്കും സഞ്ചരിക്കുന്നത്. 

സൈലന്റ് വാലി ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രത്തിലേക്കും അട്ടപ്പാടിയിലേക്കുമുള്ള ഏക വഴിയാണിത്. ഒരുതവണ വന്നവര്‍ പിന്നീട് ഇതുവഴി ഒട്ടും വരാന്‍ ആഗ്രഹിക്കാത്ത മട്ടിലാണ് റോഡിന്റെ ശോച്യാവസ്ഥ. അങ്ങനെയെങ്കില്‍ പതിവായി യാത്ര ചെയ്യുന്നവരുടെ അവസ്ഥ എന്തായിരിക്കും. 

മണ്ണാര്‍ക്കാട് ചിന്നത്തടാകം റോഡില്‍ നെല്ലിപ്പുഴ മുതല്‍ ആനമൂളി വരെയുള്ള ഭാഗത്ത് നവീകരണത്തിന്റെ ഭാഗമായ പ്രവൃത്തികള്‍ തുടങ്ങിയിട്ട് ഒരുവര്‍ഷം പിന്നിടുന്നു. എട്ടുകിലോമീറ്റര്‍ ദൂരത്തില്‍ ഒന്നര കിലോമീറ്റര്‍ ദൂരം മാത്രമാണ് ടാറിങ് നടത്തിയിട്ടുള്ളത്. 44 കോടി രൂപ കിഫ്ബി വഴി വകയിരുത്തിയിട്ടുണ്ട്. ദുരിത യാത്രയെക്കുറിച്ച് ചോദിച്ചാല്‍ നവീകരണത്തിന്റെ ഭാഗമല്ലേ സഹിച്ചേ പറ്റൂവെന്നാണ് ഔദ്യോഗിക മറുപടി.