മലയോരപാത നിര്‍മാണത്തിലെ അശാസ്ത്രീയത മൂലം മലപ്പുറം ജില്ലയിലെ ഒരു ടൗണ്‍ മുഴുവന്‍ ചെളിക്കുളമാണിപ്പോള്. മഴക്കാലം ആരംഭിച്ചതു മുതല്‍ മുട്ടുവരെ മണ്ണും വെളളവും നിറഞ്ഞതോടെ കാളികാവ് ടൗണിനെ തന്നെ നാട്ടുകാര്‍ ഉപേക്ഷിക്കുകയാണ്.
വ്യാപാര സ്ഥാപനങ്ങള്‍ പലതും പൂട്ടിപ്പോയി. ബാക്കിയുളള കച്ചവടസ്ഥാപനങ്ങള്‍ കൂടി പൂട്ടേണ്ടി വരുമോയെന്ന ആശങ്കയിലാണ് വ്യാപാരികള്‍. കാളികാവ് ചെത്തുകടവ് മുതല്‍ മങ്കുണ്ട് വരെ ടൗണ്‍ ചളിക്കുളമാണ്. അശാസ്ത്രീയമായ ഹൈവേ നിര്‍മാണമാണ് കാളികാവിനെ ചളിയില്‍ മുക്കുന്നത്.
ജംക്ഷനില്‍ റോഡിന്റെ ഇരുഭാഗവും മണ്ണു മാന്തിയിട്ടിട്ട് രണ്ടു മാസമായി.ആശുപത്രി ജംക്ഷന് മുതല്‍ ചെത്തുകടവ് വരെ നടക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയാണ്. കാളികാവില്‍ ഇറങ്ങേണ്ട ഗതികേട് ഒാര്‍ത്ത് പലരും മറ്റ് ടൗണുകളിലേക്ക് വണ്ടി കയറുകയാണ് പതിവ്.