paddy-price

നെല്ലിന്റെ സംഭരണ വില പ്രഖ്യാപനം വൈകുന്നത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. കേന്ദ്രം നെല്ലിന്റെ താങ്ങുവില കിലോയ്ക്ക് 1.17 രൂപ കൂട്ടിയെങ്കിലും കേരളത്തിന്റെ തീരുമാനം നീളുകയാണ്. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്നും കൃഷിവകുപ്പിന് ആത്മാര്‍ഥതയില്ലെന്നും കര്‍ഷകര്‍. 

 

കര്‍ഷകര്‍ക്കൊപ്പമെന്ന് ആവര്‍ത്തിക്കുമ്പോഴും അടിസ്ഥാന ആവശ്യത്തിന് നേരെ മുഖം തിരിയ്ക്കുകയാണ് സര്‍ക്കാര്‍. നെല്ലിന് കിലോയ്ക്ക് ഒരു രൂപ പതിനേഴ് പൈസയാണ് കേന്ദ്രം താങ്ങുവില കൂട്ടിയത്. ഇതോടെ ഇരുപത്തി മൂന്ന് രൂപയായി. കേരളം നല്‍കുന്ന പ്രോല്‍സാഹന വിഹിതം ഇതുവരെ കൂട്ടിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധി കാരണം കഴിഞ്ഞവര്‍ഷത്തെ അതേ നിരക്കിലാണ് നെല്ലളക്കാന്‍ തീരുമാനിക്കുന്നതെങ്കില്‍ 28 രൂപ മുപ്പത്തി രണ്ട് പൈസ എന്നത് തുടരും. 

കേന്ദ്രവിഹിതം കൂട്ടിയതിനാല്‍ സംസ്ഥാന പ്രോല്‍സാഹന വിഹിതം ആറ് രൂപ മുപ്പത്തി ഏഴ് പൈസയില്‍ നിന്നും അഞ്ച് രൂപ ഇരുപത്തി രണ്ട് പൈസയായി കുറയും. സംസ്ഥാനവിഹിതം കൂട്ടിയില്ലെങ്കിലും കേന്ദ്ര വിലവര്‍ധന അതേപടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. അങ്ങനെയെങ്കില്‍ കര്‍ഷകര്‍ക്ക് കിലോയ്ക്ക് 29 രൂപ നാല്‍പ്പത്തി ഒന്‍പത് പൈസയ്ക്ക് ലഭിക്കും. ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി ലഭിക്കാത്തതാണ് നെല്‍കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്. 

സംസ്ഥാന വിഹിതം സംബന്ധിച്ച തീരുമാനം വൈകുന്നത് സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമെന്നാണ് വിലയിരുത്തല്‍. പാലക്കാട് ജില്ലയില്‍ ഭൂരിഭാഗം കൃഷിയിടങ്ങളിലും ഒന്നാംവിള കൊയ്ത്ത് തുടങ്ങിയിട്ടുണ്ട്. വില നിശ്ചയിക്കാനും സംഭരണത്തിനും വൈകിയാല്‍ കര്‍ഷകര്‍ വീണ്ടും ദുരിതക്കയത്തിലാവും.