അപകട ഭീഷണി ഉയര്‍ത്തി കോഴിക്കോട് കുറ്റ്യാടി ചുരം റോഡില്‍ വിള്ളല്‍. മഴപെയ്യുമ്പോള്‍ റോഡില്‍ വെള്ളംക്കെട്ടി നില്‍ക്കുന്നതാണ് ബലക്ഷയത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. പൊതുമരാമത്ത് മന്ത്രി അടിയന്തരമായി ഇടപ്പെട്ട് അറ്റകുറ്റപ്പണി നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
മഴയൊന്ന് ശക്തിയായി പെയ്താല്‍ കുറ്റ്യാടി ചുരത്തിലെ ഏറ്റവും ഉയരം കൂടിയ ഭാഗമായ ചങ്കക്കുറ്റിയിലെ റോഡില്‍ വെള്ളക്കെട്ടുണ്ടാകും. കോടമഞ്ഞും കൂടെ ഇറങ്ങിയാല്‍ പിന്നെ സാഹസികമായിവേണം യാത്ര. വെള്ളകെട്ടില്‍ സംരക്ഷണഭിത്തി തകര്‍ന്ന് താഴേക്ക് വെള്ളം ഒഴുകിയതോടെയാണ് റോഡില്‍ വിള്ളല്‍ രൂപപ്പെട്ടത്. തകര്‍ന്ന സംരക്ഷണ ഭിത്തിയോട് ചേര്‍ന്ന് വാഹനങ്ങള്‍ പോകാതിരിക്കാന്‍ വെച്ച സൂചനാ ബോര്‍ഡുകള്‍ ആരോ എടുത്തുമാറ്റിയിട്ടുണ്ട്.
റോഡില്‍ വെള്ളം കെട്ടി നില്‍ക്കുന്ന അവസ്ഥയ്ക്ക് എത്രയും വേഗം പരിഹാരം ഉണ്ടാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം. കോഴിക്കോട് നിന്നും വയനാട്ടിലേക്കും തിരിച്ചും നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന വഴിയിലെ അപകടസാധ്യത ഒഴിവാക്കാന്‍ അടിയന്തര നടപടി വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.