കണ്ണൂർ കണ്ണവം വനത്തിൽ കാണാതായ യുവതിക്കായി തിരച്ചിൽ തുടരുന്നു. നാട്ടുകാരും പൊലീസും വനംവകുപ്പും അഗ്നിരക്ഷാ സേനയും സംയുക്തമായാണ് തിരച്ചിൽ. ഉൾക്കാട്ടിൽ തിരച്ചിലിന് തണ്ടർ ബോൾട്ട് സംഘവുമുണ്ട്. കണ്ണവം കോളനിയിലെ സിന്ധുവിനെ ഡിസംബർ 31നാണ് കാണാതായത്.
പതിമൂന്നാം ദിനവും പൊരുന്നൻ ഹൗസിൽ എൻ.സിന്ധുവിനായുള്ള അന്വേഷണം ഊർജിതമായി തുടരുകയാണ്. കടവ്, എളമാങ്കൽ, കാണിയൂർ,വെങ്ങളം മുണ്ടയോട്, പറമ്പുക്കാവ്, കോളിക്കൽ എന്നിവിടങ്ങളിലാണ് ഇന്ന് സംയുക്ത തിരച്ചിൽ. 15 അംഗങ്ങൾ അടങ്ങിയ സംഘമാണ് തിരച്ചിൽ നടത്തുന്നത്.
അഗ്നിരക്ഷാ സേന കുളങ്ങളിലും , വെള്ളം നിറഞ്ഞ ക്വാറികളിലുമടക്കം പരിശോധന നടത്തും. റഡാർ സംവിധാനവും പരിശോധനക്കായി എത്തിക്കും.
സിന്ധുവിനെ ഇന്നും കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ അന്വേഷണത്തിന് ആധുനികയന്ത്ര സംവിധാനങ്ങളോടു കൂടിയ വിദഗ്ദ സംഘത്തെ നിയോഗിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മറ്റു പ്രദേശങ്ങളിലേക്കു പോയിട്ടുണ്ടോ എന്നറിയാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.