കണ്ണൂർ പയ്യന്നൂരിലെ പുതിയ കോടതി സമുച്ചയത്തിന്റെ നിർമാണം വിവാദത്തിൽ. ആറ് നിലകളിൽ നിർമിക്കാൻ പദ്ധതിയിട്ട കെട്ടിടം പൊതുമരാമത്ത് വകുപ്പ് നാല് നിലകളിൽ ഒതുക്കിയെന്നാണ് ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട പൊതുതാല്പര്യ ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.
പഴയ കോടതി കെട്ടിടം ദ്രവിച്ച് തകർന്ന് തുടങ്ങിയതോടെയാണ് പയ്യന്നൂരിൽ പുതിയ കോടതി സമൂച്ചയം എന്ന ആവശ്യമുയർന്നത്. കെട്ടിടത്തിന് 2018 ൽ ഭരണാനുമതിയും 2019 ൽ സാങ്കേതികാനുമതിയും ലഭിച്ചതോടെ നിർമാണം ആരംഭിച്ചു. എന്നാൽ നിർമാണം പുരോഗമിക്കവേ കെട്ടിടം 4 നിലകളായി ചുരുക്കുകയായിരുന്നു. സ്ഥലം സന്ദർശിച്ച ജില്ലാ ജഡ്ജിയോട് വീണ്ടും അനുമതി വാങ്ങി രണ്ടാം ഘട്ടത്തിൽ അടുത്ത രണ്ട് നിലകൾ പൂർത്തിയാക്കും എന്നായിരുന്നു പൊതുമരാമത്ത് വകുപ്പിന്റെ മറുപടി.രണ്ടാം ഘട്ട നിർമാണത്തിനായി ഹൈക്കോടതി അസിസ്റ്റന്റ് രജിസ്ട്രാർക്ക് പുതിയ എസ്റ്റിമേറ്റ് സമർപ്പിച്ചു. എന്നാൽ ഇത് സർക്കാർ നിരസിച്ചു. ഇതോടെയാണ് കോർട്ട് കോംപ്ലക്സ് പ്രൊട്ടക്ഷൻ ഫോറം പൊതു താല്പര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സർക്കാരിനോട് അടിയന്തരമായി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.