വയനാട് ദാസനക്കരയിൽ രണ്ടു തരം ഫെൻസിങ്ങുകളാണ് നിലവിൽ ചർച്ചാ വിഷയം. നാട്ടുകാർ സ്ഥാപിച്ചതും വനം വകുപ്പ് സ്ഥാപിച്ചതും. കാൽ കോടിയോളം രൂപ ചിലവഴിച്ച് എഴു മാസം മുമ്പ് വനം വകുപ്പ് സ്ഥാപിച്ച ഫെൻസിങ് തുരുമ്പെടുത്ത് നശിച്ചു തുടങ്ങിയപ്പോൾ കർഷകർ പിരിവെടുത്ത് വർഷങ്ങൾക്കു മുമ്പ് സ്ഥാപിച്ച ഫെൻസിങ്ങിന് ഒരു കേടുപാടും സംഭവിക്കാതെ നിൽക്കുന്നുണ്ട്.
വനം വകുപ്പ് സ്ഥാപിച്ച ഹാങിങ് ഫെൻസിങ്ങിലൂടെ കാട്ടാനകൾ ദിവസേന കാടിറങ്ങി വരും. ഫെൻസിങ്ങിനുപയോഗിച്ച വേലി മുഴുവൻ തുരുമ്പെടുത്തു. തൂണുകളിൽ ചിലതും നശിച്ചു. തുരുമ്പെടുത്തെങ്കിലും ഇലക്ട്രിക് ഷോക്ക് ഉണ്ടെന്നാണ് അധികൃതർ വ്യക്തമാക്കിയത്. നാട്ടുകാരുടെ ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം സ്ഥാപിച്ച ഫെൻസിങ്ങാണ് ഈ നിലയിലായയത്.
തുരുമ്പെടുക്കാത്ത, ഏറ്റവും ഗുണമേൻമയുള്ള ഉത്പന്നങ്ങളെ ഫെൻസിങ്ങിന് ഉപയോഗിക്കാവൂ എന്നാണ് വ്യവസ്ഥ. പക്ഷേ ദാസനക്കരയിൽ സ്ഥാപിച്ച ഫെൻസിംഗിൽ അതൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ആരോപണം. എന്തായാലുമിപ്പോള്‍ വനം വകുപ്പിന്‍റെ ഫെൻസിങിനെ നോക്കി കർഷകരുടെ ഫെൻസിങ് കളിയാക്കി ചിരിച്ചിട്ടുണ്ടാകും. ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ഉപയോഗിക്കുകയും കൃത്യമായി നിരീക്ഷിക്കുകയും ചെയ്തപ്പോൾ കാട്ടാനകൾ തോറ്റു, നാട്ടുകാർ ജയിച്ചു.
ഫെൻസിങ് നിർമാണത്തിൽ കരാറുകാരൻ ഗുരുതര വീഴ്ച വരുത്തി എന്നാരോപിച്ചു നാട്ടുകാർ മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും പരാതി നൽകിയിരുന്നു. അതിനിടയിൽ അന്വേഷണം നടന്നു. ലക്ഷങ്ങൾ ചിലവൊഴിച്ചിട്ടും നൈസാവാതെ പോയ ഇങ്ങനെയും ഫെൻസിങ്ങുകൾ ഉണ്ട് വയനാട്ടിൽ.