വയനാട് ചേകാടിയില്‍ നിയമം കാറ്റില്‍ പറത്തി നിര്‍മിച്ച കുതിര ഫാം ഉടന്‍ പൊളിച്ചു മാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവ്. 2 ഏക്കര്‍ വയല്‍ നികത്തിയും പ്രദേശത്തെ ആദിവാസികളെ ഭീഷണിപ്പെടുത്തിയുമുള്ള കുതിര ഫാമിനെതിരെ മനോരമ ന്യൂസ് നല്‍കിയ തുടര്‍ വാര്‍ത്തകള്‍ക്കു പിന്നാലെയാണ് നടപടി. ഏഴു ദിവസത്തിനകം ഫാം പൊളിച്ചുമാറ്റി വയല്‍ പൂര്‍വ സ്ഥിതിയിലാക്കുമെന്ന് ജില്ലാ കലക്‌ടറും തഹസില്‍ദാറും മനോരമ ന്യൂസിനോട് പറഞ്ഞു.
വയല്‍ നികത്തിയും സമീപത്തെ മറ്റു വയലുകളിലേക്കുള്ള വെള്ളം തടഞ്ഞു വെച്ചും നിര്‍മിച്ച കുതിര ഫാം പൊളിച്ചു നീക്കാനാണ് ഉത്തരവ്. എട്ടു മാസമായി തുടരുന്ന കടുത്ത നിയമലംഘനത്തെ പറ്റി മനോരമ ന്യൂസ് നല്‍കിയ വാര്‍ത്താ പരമ്പരകള്‍ക്കൊടുവിലാണ് കൃഷി വകുപ്പിന്‍റെ നീക്കം. ഏഴു ദിവസത്തിനകം പൊളിച്ചു മാറ്റി പൂര്‍വസ്ഥിതിയിലാക്കണമെന്ന് ഉത്തരവിലുണ്ട്. ഉത്തരവ് പുല്‍പ്പള്ളി വില്ലേജ് ഓഫിസര്‍ക്കും ബത്തേരി തഹസില്‍ദാര്‍ക്കും കൈമാറി. ഉടന്‍ നടപടിയുണ്ടാകും
പനമരം സ്വദേശിയായ പ്രവാസി നിര്‍മിച്ച സ്റ്റഡ് ഫാമിനെതിരെ വ്യാപക പരാതിയും പ്രതിഷേധവും ഉയര്‍ന്നിരുന്നു. സമീപത്തെ ആദിവാസികളുടെ വെള്ളം മുടക്കിയും വഴിമുടക്കിയും ഭീഷണിപ്പെടുത്തിയുമാണ് ഫാം പ്രവര്‍ത്തിച്ചു വന്നിരുന്നത്. ഉന്നതരുടെ പിന്തുണ നിയമലംഘനത്തിനു നിഴലായി. അപൂര്‍വ നെല്ലിനങ്ങള്‍ കൃഷി ചെയ്യുന്ന ചേകാടിയിലെ മറ്റു കര്‍ഷകര്‍ക്കും ഫാം കടുത്ത ഭീഷണിയായിരുന്നു. നിലവിലെ ഉത്തരവ് വലിയ പ്രതീക്ഷയോടെയാണ് ഒരു നാട് ഒന്നാകെ കാണുന്നത്.
ബത്തേരി തഹസില്‍ദാര്‍ ഇന്ന് ഫാം സന്ദര്‍ശിക്കും. പൊളിച്ചു മാറ്റാന്‍ ഉടമ തയ്യാറായില്ലെങ്കില്‍ തഹസില്‍ദാര്‍ നേരിട്ട് പൊളിക്കല്‍ നടപടിയിലേക്ക് നീങ്ങും. നിയമം കാറ്റില്‍ പറത്തിയും വെല്ലുവിളിച്ചുമുള്ള നിര്‍മാണത്തിനെതിരെയുള്ള മനോരമ ന്യൂസ് വാര്‍ത്താ പരമ്പരക്കു അന്തിമ ഫലമാകും.