കണ്ണൂര്‍ ചെമ്പന്‍തൊട്ടി നായനാര്‍മലയിലെ ക്വാറിയ്ക്കെതിരെ ജനകീയ ഉപവാസം. ക്വാറി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി അടക്കമുള്ളവരെ അണിനിരത്തിയാണ് ജനകീയ കമ്മിറ്റി പ്രക്ഷോഭം തീര്‍ത്തത്. ക്വാറിയുടെ അടിവാരത്തെ ഇരുന്നൂറിലേറെ കുടുംബങ്ങള്‍ ആശങ്കയോടെ കഴിയുന്ന സാഹചര്യത്തിലായിരുന്നു ഉപവാസം.
നായനാര്‍മലയിലെ ക്വാറിയ്ക്കെതിരെ രാഷ്ട്രീയകക്ഷി ഭേദമില്ലാതെയായിരുന്നു പ്രതിഷേധം. ഗുരുതര പാരിസ്ഥതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ക്വാറിയില്‍ ബഞ്ച് അടിക്കാതെയാണ് ഖനനവുമായി മുന്നോട്ടുപോകുന്നതെന്നാണ് ജനകീയ സമിതിയുടെ പരാതി. 45 ശതമാനത്തില്‍ കൂടുതല്‍ ചരിവുള്ള സ്ഥലത്ത് ഖനനാനുമതി പാടില്ലെന്നിരിക്കെ 60 ശതമാനത്തിലധികം ചരിവുള്ള സ്ഥലത്ത് അനുമതി കൊടുത്തതും സമിതി ചൂണ്ടിക്കാട്ടുന്നു.
മലയോര കര്‍ഷകരെ പശ്ചിമഘട്ടത്തില്‍ നിന്ന് പുറത്താക്കാനാണ് ശ്രമമെന്ന് ഉപവാസം ഉദ്ഘാടനം ചെയ്ത് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി സര്‍ക്കാരുകളെ കുറ്റപ്പെടുത്തി.
നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി ക്വാറി ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നുവെന്നാണ് ഇരിക്കൂര്‍ നഗരസഭയുടെ മറുപടി. മഴക്കാലത്ത് ജിയോളജി വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നെങ്കിലും കാലാവധി കഴിഞ്ഞതോടെ ക്വാറി പ്രവര്‍ത്തനം പുനരാരംഭിക്കുകയായിരുന്നു. ഉപവാസത്തില്‍ ഇരിക്കൂര്‍ എംഎല്‍എ സജീവ് ജോസഫ് അടക്കം നിരവധി പേര്‍ പങ്കെടുത്തു.