കണ്ണൂര്‍ ചപ്പാരപ്പടവ് പാലം അപകടഭീഷണിയിലെന്ന് നാട്ടുകാര്‍. ഭാരമേറിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീഴുന്നതാണ് നാടിനെ ആശങ്കയിലാഴ്ത്തുന്നത്. എത്രയും വേഗം പുതുക്കിപ്പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മൂന്നര പതിറ്റാണ്ടിലേറെ പഴക്കമുണ്ട് ചപ്പാരപ്പടവ് പാലത്തിന്. കണ്ണൂരിന്‍റെ മലയോര മേഖലകളിലേക്ക് പോകാന്‍ നിരവധി ബസുകള്‍ അടക്കം സ്ഥിരമായി ആശ്രയിക്കുന്ന പ്രധാന പാതയിലാണ് ഈ പാലം. കോണ്‍ക്രീറ്റ് സ്ലാബുകളും തൂണുകളും ജീര്‍ണാവസ്ഥയിലെത്തിയതാണ് നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. കോണ്‍ക്രീറ്റ് പാളികള്‍ പുഴയില്‍ കുളിക്കുന്നവരുടെ ദേഹത്തുവീണ് പരുക്കേറ്റ സംഭവങ്ങള്‍ നിരവധിയാണ്. കൈവരികള്‍ ക്ഷയിച്ചതും ആശങ്ക കൂട്ടുന്നു. പാലം ബലപ്പെടുത്തുമെന്ന വാഗ്ദാനം പലകുറി കേട്ടെങ്കിലും അതൊന്നും ഇതുവരെ നടപ്പായിട്ടില്ല. അപകടങ്ങളുണ്ടാകുന്നതിന് മുമ്പ് നടപടി വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.