കപ്പ നട്ടാല്‍ വിളവെടുക്കാമെന്ന മോഹമൊക്കെ പോയി.. കണ്ണൂര്‍ തില്ലങ്കേരിയില്‍ വിളവെടുപ്പ് നടത്തുന്നത് കാട്ടുപന്നികളാണ്. വെയ്ക്കുന്ന കപ്പ മുഴുവന്‍ കുത്തിമറിച്ചിട്ടതോടെ കര്‍ഷകര്‍ക്ക് മാത്രമാണ് ദുരിതം.
പ്രതീക്ഷയോടെ പരിപാലിച്ച് പോന്ന കപ്പകൃഷി ഓരോ രാത്രിയും കാട്ടുപന്നികളെത്തി കുത്തിമറിച്ചിടുകയാണ്. തില്ലങ്കേരി ഈയ്യംബോഡ് സ്വദേശി ശ്രീധരനാണ് നിര്‍ഭാഗ്യാവാനായ കര്‍ഷകന്‍. ഭിന്നശേഷിക്കാരനായ ശ്രീധരന്‍ ഏറെ പണിപ്പെട്ട് നട്ടുനനച്ചതായിരുന്നു കപ്പകൃഷി. കാട്ടുപന്നി കയറാതിരിക്കാന്‍ പതിയ്യായിരം രൂപ മുടക്കി സംരക്ഷണ കവചവും വെച്ചു. എന്നിട്ടും ഫലമുണ്ടായില്ല. നൂറുകണക്കിന് കപ്പകളാണ് ദിനേന പന്നിക്കൂട്ടം മറിച്ചിടുന്നത്.
വാഴകള്‍ക്കും സ്വൈര്യമില്ലാതായിട്ട് കാലം കുറച്ചായി. ശ്രീധരന്‍റെ തോട്ടത്തിനടുത്തെ കുഞ്ഞിരാമന്‍റെ വാഴകൃഷിയും സമാനരീതിയില്‍ നശിപ്പിച്ചിട്ടുണ്ട്. പാട്ടത്തിനെടുത്ത ഭൂമിയില്‍ ലോണെടുത്താണ് കര്‍ഷകര്‍ പകലന്തിയോളം അധ്വാനിക്കുന്നത്. എന്നാല്‍ കിട്ടുന്നതാകട്ടെ വിപരീത ഫലവും.