കണ്ണൂരില്‍ കാട് വെട്ടിത്തെളിക്കുന്നതിനിടെ മെഷീന്‍ ബ്ലേഡ് തട്ടി പരുക്കേറ്റ പെരുമ്പാമ്പിന് ശസ്ത്രക്രിയിയിലൂടെ പുതുജീവന്‍. കഴുത്ത് മുതല്‍ മധ്യഭാഗം വരെ മുറിഞ്ഞ പാമ്പിനെ ജില്ലാ മൃഗാശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സയിലൂടെ രക്ഷിക്കുകയായിരുന്നു.
ഇടച്ചൊവ്വയിലെ പറമ്പില്‍ കാടുവെട്ടുന്നതിനിടെ താഴെ വലിയൊരു പെരുമ്പാമ്പുള്ളത് ആരും ശ്രദ്ധിച്ചില്ല. വെട്ടുന്നതിനിടെയാണ് മുറിവേറ്റ് പുളയുന്ന പാമ്പിനെ കണ്ടത്. തുടര്‍ന്ന് വനംവകുപ്പിന്‍റെ സര്‍പ്പ ടീം അംഗം ജിഷ്ണു പനങ്കാവിനെ വിവരമറിയിച്ചു. ജിഷ്ണുവെത്തിയാണ് ജില്ലാ മൃഗാശുപത്രിയിലേക്ക് മാറ്റിയത്. വെറ്ററിനറി ഡോക്ടര്‍ നവാസിന്‍റെ നേതൃത്വത്തില്‍ 45 മിനിറ്റ് നീണ്ട ശസ്ത്രക്രിയ . ഇരുപത് തുന്നലുകളുമായി പെരുമ്പാമ്പ് അങ്ങനെ വീണ്ടും ജീവിതത്തിലേക്ക്. ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും പാമ്പിനെ ആവാസവ്യവസ്ഥയിലേക്ക് തുറന്നുവിടാനായിട്ടില്ല. മുറിവുണങ്ങി തുന്നല്‍ അഴിക്കുന്നതുവരെ വിശ്രമവും മരുന്നും നല്‍കണം. ഇതറിഞ്ഞ ജിഷ്ണു വനംവകുപ്പിന്‍റെ അനുമതിയോടെ പാമ്പിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. വായുസഞ്ചാരം ഉറപ്പാക്കിയ കൂട്ടില്‍ അടച്ചിട്ടു..
കഴുത്തിലും വയറിലുമടക്കം അഞ്ചിടത്ത് മുറിവേറ്റ പാമ്പിന് അനങ്ങാനാവില്ല. മരുന്ന് പുരട്ടിക്കൊടുത്താല്‍ ഒരേ കിടപ്പാണ് പെരുമ്പാമ്പ്. രണ്ടാഴ്ച ഇങ്ങനെ തുടരണം. പിന്നെ പതുക്കെ ആവാസവ്യവസ്ഥയിലേക്ക് തുറന്നുവിടും. അതുവരെ ജിഷ്ണുവിന്‍റെ വീട്ടില്‍ പ്രത്യേക പരിചരണം.