കണ്ണൂര്‍ തളിപ്പറമ്പില്‍ യുവതിയുടെ തൊണ്ടയില്‍ കുടുങ്ങിയ മൊട്ടുസൂചി വിദഗ്ധമായി പുറത്തെടുത്തു. തളിപ്പറമ്പ് സഹകരണ ആശുപത്രിയ്ക്കാണ് ഒരു പോറല്‍ പോലുമേല്‍ക്കാതെ യുവതിയുടെ ജീവന്‍ രക്ഷപ്പെടുത്താനായത്.
തൊണ്ടയിലൊരു മുള്ളുകുടുങ്ങിയാല്‍ ചോറുരുള വിഴുങ്ങും പോലെ എളുപ്പമല്ല കാര്യങ്ങള്‍. കുടുങ്ങിപ്പോയത് അഞ്ച് സെ.മീ നീളമുള്ളൊരു മൊട്ടുസൂചിയാണ്. നരിക്കോടുള്ള ഇരുപത്തിനാലുകാരി മൊട്ടുസൂചി ചുണ്ടില്‍ കടിച്ചുപിടിച്ചപ്പോള്‍ അബദ്ധത്തില്‍ വായിലേക്ക് വീഴുകയായിരുന്നത്രേ. അങ്ങനെ തൊണ്ടയില്‍ കഴുത്തിന്‍റെ പിന്‍ഭാഗത്തേക്കുള്ള ദിശയില്‍ തറച്ചുനിന്നു. ഭാഗ്യത്തിന് അന്നനാളത്തിലേക്കോ, ആമാശയത്തിലേക്കോ പോയില്ല. . എങ്ങനെ പുറത്തെടുക്കുമെന്ന ആശങ്കയിലാണ് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ യുവതിയും കുടുബവും എത്തിയത്. മയക്കിക്കിടത്തി അതിവിദഗ്ധമായി ഡോക്ടര്‍ അനൂപ് അബ്ദുല്‍ റഷീദും, നഴ്സ് ഉഷയും സൂചി പുറത്തെടുക്കുകയായിരുന്നു
നാണയങ്ങളും, എല്ലിന്‍ കഷ്ണവുമെല്ലാം തൊണ്ടയില്‍ നിന്ന് പുറത്തെടുത്ത് പരിചയിച്ച ഡോക്ടര്‍മാര്‍ക്ക് ആദ്യാനുഭവമായിരുന്നു മൊട്ടുസൂചി. ജീവന്‍ വരെ അപകടത്തിലാകാവുന്ന അവസ്ഥയില്‍ നിന്ന് യുവതിയെ രക്ഷപ്പെടുത്തിയ നിര്‍വൃതിയിലാണ് ആശുപത്രി അധികൃതര്‍.