കണ്ണൂർ വളക്കൈയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് മരിച്ച നേദ്യ എസ് രാജേഷിന് കണ്ണീരോടെ വിടചൊല്ലി ചിന്മയ വിദ്യാലയം . പോസ്റ്റ്മോർട്ടത്തിനുശേഷം സ്കൂളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ കൂട്ടുകാർക്കും അധ്യാപകർക്കും നാട്ടുകാർക്കും തേങ്ങൽ അടക്കാനായില്ല. വീട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം കുറുമാത്തൂർ പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിച്ചു. നൊമ്പരമായാണ് നേദ്യയുടെ മടക്കം. അനിയത്തിക്ക് പുതുവത്സരത്തിന്‍റെ കേക്ക് നൽകാൻ വീട്ടിലേക്ക് മടങ്ങുന്നതിനിടയായിരുന്നു മരണം ബസ് അപകടത്തിന്റെ രൂപത്തിൽ ജീവൻ കവർന്നത്. അതേസമയം, അപകടത്തിൽ ഡ്രൈവറുടെ വീഴ്ച വിവരിച്ച് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കണ്ണൂർ ആർടിഒ ക്ക് റിപ്പോർട്ട് നൽകി. സ്കൂൾ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണെന്ന ഡ്രൈവറുടെ വാദം തെറ്റാണെന്നും ബ്രേക്കിന് തകരാർ ഇല്ലെന്നുമാണ് റിപ്പോർട്ടിൽ പരാമർശിച്ചത്. പൂർണ്ണമായും ഡ്രൈവറുടെ വീഴ്ചയാണെന്നും തളിപ്പറമ്പ് എം വി ഐ നൽകിയ റിപ്പോർട്ടിൽ പറയുന്നു.