കണ്ണൂര്‍ പയ്യന്നൂരില്‍ ഏഴ് വര്‍ഷമായി ശമ്പളമോ ആനുകൂല്യങ്ങളോ കിട്ടാതെ ദുരിതത്തിലാണ് ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍. ഡ്യൂട്ടിക്കിടെ ഓഫീസില്‍ തളര്‍ന്നുവീണ്, പിന്നീട് കിടപ്പിലായ വിനോദ് കുമാര്‍ ചികിത്സയ്ക്ക് പോലും പണമില്ലാതെ ബുദ്ധിമുട്ടുകയാണ്. പയ്യന്നൂര്‍ താലൂക്ക് ലാന്‍റ് ട്രൈബ്യൂണല്‍ ഓഫീസിലെ ക്ലാര്‍ക്കായിരുന്നു വിനോദ് കുമാര്‍
സ്ട്രോക്ക് വന്ന് ഏഴു വര്‍ഷമായി ഈ കിടപ്പാണ്. പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ പോലും കഴിയില്ല അമ്പതുകാരന്‍ വിനോദ് കുമാറിന്. റിട്ടയര്‍മെന്‍റിന് ഇനിയും സമയമുണ്ട്.. 2016ലെ ഡിസ്എബിലിറ്റി ആക്ട് പ്രകാരം ശമ്പളം അനുവദിക്കാന്‍ റവന്യൂ വകുപ്പിന്‍റെ ഉത്തരവുണ്ട്. പക്ഷേ, ശമ്പളം ട്രഷറിയുടെ വാതില്‍ കടന്നിട്ടില്ല.
സാങ്കേതികത്വം പറഞ്ഞ് ശമ്പളം തരാതിരിക്കുകയാണെന്നാണ് കുടുംബത്തിന്‍റെ പരാതി. സാങ്കേതികക്കുരുക്കില്‍ നിന്ന് എന്ന് മോചനമുണ്ടാകുമെന്ന് അറിയില്ല. സഹോദരങ്ങളാണ് സഹായം. താങ്ങാകാനും തണലാകാനും അവരേയൊള്ളൂ.