വിനോദസഞ്ചാര മേഖലയില്‍ കണ്ണൂര്‍ ചാല്‍ ബീച്ചിന് പുത്തനുണര്‍വ്. രാജ്യാന്തര അംഗീകാരമായ ബ്ലൂ ഫ്ലാഗിന് അര്‍ഹമായ ചാല്‍ ബീച്ചില്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഔദ്യോഗിക പതാക ഉയര്‍ത്തി. പരിസ്ഥിതി സൗഹാര്‍ദ വികസനത്തിലൂടെയാണ് ചാല്‍ കടപ്പുറം ബ്ലൂ ഫ്ലാഗിന് നേടിയത്
മനോഹരമായ കടല്‍തീരങ്ങള്‍ കൊണ്ട് സമ്പന്നമാണ് കണ്ണൂര്‍. അക്കൂട്ടത്തില്‍ തലയെടുപ്പോടെയാണ് അഴീക്കോട്ടെ ചാല്‍ ബീച്ചിന്‍റെ സ്ഥാനം. വൃത്തിയുള്ള കടല്‍തീരത്തെ തണല്‍മരങ്ങള്‍ ചാല്‍ കടപ്പുറത്തേക്ക് ആരെയും ആകര്‍ഷിക്കും. കടലാമ പ്രജനന കേന്ദ്രവും സുരക്ഷിത നീന്തല്‍ മേഖലയും മറ്റു സവിശേഷതകള്‍. കേരളത്തില്‍ മുമ്പ് കാപ്പാട് ബീച്ചിന് മാത്രം ലഭിച്ചിട്ടുള്ള അംഗീകാരമാണ് ഇത്തവണ ചാല്‍ ബീച്ചിനെയും തേടിയെത്തിയത്. ഈ വര്‍ഷം രാജ്യത്ത് 13 ബീച്ചുകള്‍ ബ്ലൂ ഫ്ലാഗിന് അര്‍ഹമായതില്‍ കേരളത്തിന്‍റെ പെരുമ വിളിച്ചോതിയത് ചാല്‍ ബീച്ചിന്‍റെ ഭംഗിയാണ്. വൃത്തിയും സുരക്ഷയും പരിസ്ഥി സൗഹാര്‍ദവുമടക്കം 33 മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് പുരസ്കാരം. ബ്ലൂ ഫ്ലാഗ് അംഗീകാരം ഈ വര്‍ഷം തുടക്കത്തില്‍ തന്നെ ലഭിച്ചിരുന്നെങ്കിലും ഔദ്യോഗിക പതാക ഉയര്‍ത്തിയത് ഇപ്പോഴാണ്.
ബ്ലൂ ഫ്ലാഗ് ഉയര്‍ത്തിയതോടെ അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിക്കാന്‍ ഒട്ടേറെ വികസന പ്രവര്‍ത്തികള്‍ക്കാണ് ടൂറിസം വകുപ്പ് പദ്ധതിയിടുന്നത്.
ജില്ലയിലെ ടൂറിസം മേഖലയ്ക്ക് വലിയ ഉണര്‍വ് നല്‍കുന്നതാണ് പുതിയ അംഗീകാരമെന്ന് അഴീക്കോട് എംഎല്‍എ കെ.വി സുമേഷും പറഞ്ഞു. ചടങ്ങില്‍ തദ്ദേശ ജനപ്രതിനിധികളടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു