ഒരു പ്ലാവില കൊണ്ട് എന്തൊക്കെ ഉപയോഗമുണ്ട്. കാസർകോട് ഇരിയണ്ണി സ്കൂളിലെ ഏഴാം ക്ലാസുകാരി ആരാധ്യക്ക് പ്ലാവില കാൻവാസാണ്. കാണാം ആരാധ്യയുടെ പ്ലാവില വിശേഷങ്ങൾ. ഒരു പ്ലാവില. പിന്നെ ബ്ലേഡും പേനയും. ഇത് മാത്രം മതി ആരാധ്യക്ക്. തന്റെ മനസ്സിൽ പതിഞ്ഞ ഏത് രൂപവും വരച്ചെടുക്കും. ഇത്തരത്തിൽ നിരവധി രൂപങ്ങളാണ് ആരാധ്യ ചുരുങ്ങിയ സമയത്ത് വരച്ചെടുത്തത്. പ്രാവും ശ്രീകൃഷ്ണനും മോഹൻലാലും മമ്മൂട്ടിയുമൊക്കെയുണ്ട് ഇക്കൂട്ടത്തിൽ.
വേനലവധിക്കാലത്താണ് പ്ലാവിലയിൽ പരീക്ഷണം തുടങ്ങിയത്. യൂട്യൂബിലൂടെയായിരുന്നു പഠനം. വരയ്ക്കാനുള്ള കഴിവ് കാര്യങ്ങൾ എളുപ്പമാക്കി. ആരാധ്യയുടെ പരീക്ഷണത്തിന് മാതാപിതാക്കളും അധ്യാപകരും കൂട്ടുകാരും കൈയടിച്ചു. ഇനിയും കൂടുതൽ രൂപങ്ങൾ വരയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കൊച്ചുമിടുക്കി.