handloom-crisis

TOPICS COVERED

കാസർകോട് ജില്ലയിൽ കൈത്തറി മേഖലയിൽ പ്രതിസന്ധി രൂക്ഷം. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും സർക്കാർ ആനുകൂല്യങ്ങൾ കൃത്യമായി ലഭിക്കാത്തതുമാണ് കൈത്തറി മേഖലയെ പ്രതിസന്ധിയിലാക്കുന്നത്.  

വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ജില്ലയിലെ കൈത്തറി സഹകരണ സംഘങ്ങൾ കടന്നു പോകുന്നത്. ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ഉത്പാദിപ്പിക്കുമ്പോഴും കൈത്തറി ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ വേണ്ടത്ര സ്വീകാര്യതയില്ല. നൂലിനും ചായത്തിനും വില ഉയർന്നത് നിർമാണ ചെലവ് വർധിപ്പിക്കുകയും ചെയ്തു. സ്കൂൾ യൂണിഫോം നിർമിക്കുന്നതിലൂടെയാണ് കൈത്തറി സഹകരണ സംഘങ്ങൾ ഒരു പരിധിവരെ പിടിച്ചുനിൽക്കുന്നത്. എന്നാൽ തൊഴിലാളികൾക്ക് ഈ വകയിൽ ഏഴുമാസത്തെ കൂലി കുടിശ്ശികയാണ്. കൈത്തറി ഉൽപ്പന്നങ്ങൾ വിപണനം നടത്തുന്ന ഹാൻടെക്സും ജില്ലയിലെ കൈത്തറി സംഘങ്ങൾക്ക് ഒരു കോടിയോളം രൂപ കുടിശ്ശിക വരുത്തിയിട്ടുണ്ട്. ഉത്സവകാലങ്ങളിൽ നൽകുന്ന 20% റിബേറ്റും കുടിശ്ശികയാണ്. 

പ്രതിസന്ധികളിൽ നിന്നും പ്രതിസന്ധികളിലേക്ക് കൈത്തറി മേഖല കൂപ്പുകുത്തുമ്പോൾ തൊഴിലാളികൾ മറ്റ് തൊഴിലിടങ്ങൾ തേടാൻ നിർബന്ധിതരാവുകയാണ്. കൂടുതൽ പേരും കൈത്തറി ഉപേക്ഷിച്ച് തൊഴിലുറപ്പ് പദ്ധതിയിലേക്ക് ചുവടുമാറ്റിക്കഴിഞ്ഞു. 

Crisis in handloom sector in Kasaragod district: