കാസർകോട് വലിയപൊയിൽ നാലിലാങ്കണ്ടം സ്കൂളിലെ നെല്ലിക്ക വിളവെടുപ്പ് ആഘോഷമാക്കി അധ്യാപകരും വിദ്യാർഥികളും. മൂന്ന് ക്വിന്‍റൽ നെല്ലിക്കയാണ് സ്കൂൾ വളപ്പിലെ നെല്ലിമരങ്ങളിൽ നിന്ന് പറിച്ചെടുത്തത്.
കയ്യിൽ വടികളുമായി അധ്യാപകരും രക്ഷിതാക്കളും നെല്ലി മരങ്ങളിൽ കയറി പണി തുടങ്ങി. നിലത്തു വീഴുന്ന നെല്ലിക്ക ഓരോന്നായി കുട്ടികൾ പെറുക്കിക്കൂട്ടി. വർഷങ്ങളായി നാലിലാങ്കണ്ടം സ്കൂളിൽ തുടരുന്നതാണ് ഈ ജനകീയ ഉത്സവം.
സ്കൂളുകളിൽ നെല്ലിമരങ്ങൾ സ്ഥിരം കാഴ്ചയാണെങ്കിലും ഇത്രയും നെല്ലിമരങ്ങളുള്ള സ്കൂൾ കോമ്പൗണ്ട് കേരളത്തിൽ വേറെയുണ്ടാകില്ല. കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും എല്ലാം ചേർന്ന് ഇത്തവണത്തെ നെല്ലിക്ക വിളവെടുപ്പ് കളറാക്കി. പറിച്ചെടുത്തത് മൂന്ന് ക്വിന്‍റൽ നെല്ലിക്ക. നാടൻ പാട്ടും ഡാൻസുമൊക്കെയായി പരിപാടി കൊഴുത്തു. പറിച്ചെടുത്ത നെല്ലിക്ക മുഴുവൻ കുട്ടികൾക്കും നാട്ടുകാർക്കും വിതരണം ചെയ്തു.