കാസർകോട് കൊടക്കാട് ഗവ: വെൽഫെയർ യു.പി സ്കൂളിൽ കഴിഞ്ഞ രണ്ടുമാസമായി ഉച്ചഭക്ഷണം ഒരുക്കുന്നത് സ്വന്തം തോട്ടത്തിൽ നിന്നുള്ള പച്ചക്കറികൾ ഉപയോഗിച്ച്. വിഷരഹിത ഭക്ഷണം വിളമ്പുക എന്നതിനോടൊപ്പം കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തുക എന്നത് കൂടിയാണ് വിദ്യാലയം ഇതിലൂടെ ലക്ഷ്യമിടുന്നത്.
സ്കൂളിലെ ഉച്ചഭക്ഷണം വിഭവസമൃദ്ധമാക്കാൻ കൊടക്കാട് സ്കൂളിന് ഒരു തനത് പദ്ധതിയുണ്ട്. സമൃദ്ധി. പേര് പോലെ തന്നെയാണ് കൃഷിയിൽ നിന്നുള്ള വിളവും. പയർ, വെള്ളരി കുമ്പളം, മത്തൻ, വഴുതന, തക്കാളി എന്നിവയാണ് സ്കൂൾ വളപ്പിൽ കൃഷി ചെയ്യുന്നത്. ഡിസംബർ മാസത്തിൽ ആരംഭിച്ച കൃഷിയിൽ നിന്നും ഇപ്പോൾ രണ്ടുമാസമായി സ്ഥിരമായി വിളവ് ലഭിക്കുന്നുണ്ട്. അതുകൊണ്ട് പച്ചക്കറി പുറത്തുനിന്നും വാങ്ങേണ്ട.
പയർ, തക്കാളി, വഴുതന തുടങ്ങിയവ ഒന്നിടവിട്ട ദിവസങ്ങളിൽ വിളവെടുക്കും. അധ്യാപകരും കുട്ടികളും പി ടി എ ഭാരവാഹികളും സംയുക്തമായാണ് കൃഷിയിടത്തിലേക്ക് എത്തുന്നത്. നെൽകൃഷിയും വിളവെടുക്കാൻ പാകമായി. സ്‌കൂളിനടുത്ത് പാട്ടത്തിന് എടുത്ത വയലിലാണ് നെൽകൃഷി.