ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കാതെ പരിസ്ഥിതി ലോല മേഖല കരടുവിജ്ഞാപനം ഇറക്കിയതിനെതിരെ കോഴിക്കോട് പ്രതിഷേധം ശക്തമാകുന്നു. വിജ്ഞാപനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ജനപ്രതിനിധികൾ പങ്കെടുത്ത യോഗത്തിനുശേഷം എം കെ രാഘവൻ എം.പി പറഞ്ഞു. താമരശേരി രൂപതാധ്യക്ഷന്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ആശങ്ക അറിയിച്ചു.
ഇ.എസ്.എ പരിധി വനത്തിനുള്ളില്‍ നിലനിര്‍ത്തുമെന്ന ഉറപ്പ് പാലിക്കാതെ വിജ്ഞാപനം ഇറക്കിയതാണ് രൂക്ഷമായ പ്രതിഷേധത്തിനും ആശങ്കയ്ക്കും കാരണം. വനം റവന്യു വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ സര്‍വേ നടത്തി നിശ്ചയിച്ച അതിര്‍ത്തിയല്ല വിജ്ഞാപനത്തിലുള്ളത്. ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്ന് എം കെ രാഘവന്‍ എം പി.
ഗ്രാമ പഞ്ചായത്തുകൾ തയ്യാറാക്കിയ വിവരങ്ങൾ ഉൾപ്പെടുത്തി പുതിയ റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിക്കണമെന്നാണ് എം പി വിളിച്ചുചേര്‍ത്ത യോഗത്തിലുയര്‍ന്ന പ്രധാന ആവശ്യം . കോഴിക്കോടിന്റ മലയോരമേഖലയില്‍ കര്‍ഷകരുടേയും വിവിധ സംഘടനകളുടേയും നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാണ്. താമരശേരി രൂപതാ അധ്യക്ഷന്‍ റെമജിയോസ് ഇഞ്ചനാനിയല്‍ തൃശൂരിലെത്തി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് മലയോരമേഖലയുടെ ആശങ്ക അറിയിച്ചു.