കോഴിക്കോട്ടെ ബേപ്പൂർ തുറമുഖത്തിന്‍റെ പരാധീനതകള്‍ക്ക് പരിഹാരമാകുന്നു. ആഴം കൂട്ടുന്നത് ഉള്‍പ്പടെയുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുമെന്ന് തുറമുഖം സന്ദര്‍ശിച്ച മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. ഇതിന്‍റെ ആദ്യപടിയായി പരിസ്ഥിതി ആഘാത പഠനം നടത്താന്‍ ഏജന്‍സിയെ ഏല്‍പ്പിച്ചു.
തുറമുഖം സന്ദർശിക്കാന്‍ എത്തിയ രണ്ടു മന്ത്രിമാർക്ക് മുന്നില്‍ പരാതികള്‍ ഇങ്ങനെ ഓരോന്നായി തുറന്നിട്ടു തൊഴിലാളികള്‍. അടച്ചുറപ്പില്ലാത്ത ഗോഡൌണിന് പുറമേ മഴപെയ്താല്‍ ഉണ്ടാകുന്ന വെള്ളക്കെട്ട്, എന്നും പണി മുടക്കുന്ന ക്രെയിനുകള്‍ അങ്ങനെ പരാധീനതകള്‍ ധാരാളമുണ്ട്. എല്ലാത്തിനും ഉപരി തുറമുഖത്തിന്‍റെ ആഴം പത്ത് മീറ്ററായി വര്‍ധിപ്പിക്കണം. എല്ലാം ശ്രദ്ധയോടെ കേട്ട മന്ത്രി തൊഴിലാളികള്‍ക്ക് കൃത്യമായ ഉറപ്പ് നല്‍കിയാണ് മടങ്ങിയത്.
നേരത്തെ തയ്യാറാക്കിയ മാസ്റ്റർ പ്ലാന്‍ അനുസരിച്ചാവും തുറമുഖത്തിന്‍റെ നവീകരണം. പുരോഗതി വിലയിരുത്താന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യവസായ വകുപ്പിന്‍റെ കീഴിലുള്ള പോര്‍ട്ടിന്റ ഭൂമി തിരികെ വാങ്ങാൻ ശ്രമമാരംഭിച്ചെന്നും മന്ത്രി വ്യക്തമാക്കി. സ്ഥലം എം എല്‍. എ കൂടിയായ മന്ത്രി മുഹമ്മദ് റിയാസും ഒപ്പമുണ്ടായിരുന്നു.