ഈ പൂക്കള്‍ വിരിച്ച വീടെന്നൊക്കെ നമ്മള്‍ കേട്ടിട്ടുണ്ടല്ലേ? അതേ പോലെ പൂക്കള്‍ വിരിച്ച ഒരു ചായക്കടയാണ് നമ്മള്‍ കാണാന്‍ പോകുന്നത്. കോഴിക്കോട് നല്ലളം മേലേച്ചിറയിലെ മഞ്ഞ പൂക്കള്‍കൊണ്ട് വസന്തം തീര്‍ത്ത ഉണ്ണിയേട്ടന്‍റെ ചായക്കട കാണാം.
ഇത് ഉണ്ണിയേട്ടന്‍. കോഴിക്കോട് നല്ലളം പാറപ്പുറത്ത് ചെറിയൊരു ചായക്കട നടത്തുന്നു. പക്ഷേ ഈ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ണിയേട്ടന്‍റെ ചായക്കട തേടി ഒരുപാടുപേരെത്തി. ഇടവഴിയിലുള്ള ഈ ചായക്കടയ്ക്ക് എന്തിനാണ് ഇത്ര ഡിമാന്‍ഡെന്നല്ലേ? അതിന് ഈ ചായക്കടയുടെ മുകളിലേക്കൊന്നു നോക്കിയാല്‍ മനസ്സിലാകും. കണ്ണിനു കുളിര്‍മയേകിക്കൊണ്ട് ഉണ്ണിയേട്ടന്‍റെ ചായക്കടയ്ക്കു മീതെ പന്തല്‍ വിരിച്ചുകിടക്കുന്ന ഈ കാട്ടുവള്ളിച്ചെടിയിലെ മഞ്ഞ പൂക്കള്‍ കാണാനാണ് ആളുകളത്രയും എത്തുന്നത്.
തൊട്ടടുത്ത വീട്ടിലെ മരത്തില്‍ പടര്‍ന്ന വള്ളിച്ചെടിയാണ് ഉണ്ണിയേട്ടന്‍റെ ചായക്കടയ്ക്കു മീതെ കണ്ണിന് വസന്തമൊരുക്കിയത്. സുരേഷ് – നിഷിത ദമ്പതികളാണ് 2014 ല്‍ കാറ്റ്സ് ക്ലോ ക്രീപ്പര്‍ വിഭാഗത്തില്‍പ്പെടുന്ന ഈ ചെടി അവരുടെ വീട്ടുമുറ്റത്ത് നട്ടത്. കാലാവസ്ഥയ്ക്കനുസരിച്ച് വര്‍ഷത്തില്‍ ഒരു തവണ മാത്രം പൂക്കുന്ന ഈ അപൂര്‍വ തരം പൂക്കള്‍ക്ക് കൂടിപ്പോയാല്‍ അഞ്ചു ദിവസമേ ആയുസ്സുണ്ടാകൂ. പക്ഷേ പൂക്കള്‍ വാടിയാലും തണലായി ഇലകള്‍ അവിടെത്തന്നെയുണ്ടാകും.