മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് ലംഘിച്ച് കോഴിക്കോട് ചെറൂപ്പ ഗവണ്‍മെന്റ് ഹെൽത്ത് സെന്ററില്‍ സിനിമ ചിത്രീകരണം. ആശുപത്രിയിലെത്തിയ രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലായിരുന്ന ചിത്രീകരണം നടന്നത്. എന്നാൽ രോഗികൾ കടന്നുവരാത്ത ഭാഗത്ത് മാത്രമേ ചിത്രീകരണത്തിന് അനുമതി കൊടുത്തിട്ടുള്ളുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
ആശുപത്രികൾ കേന്ദ്രീകരിച്ച് സിനിമ ചിത്രീകരണം പാടില്ലെന്നാണ് മനുഷ്യാവകാശ കമ്മീഷൻ്റ നിർദേശം. ഇത് മറികടന്നാണ് രണ്ടു ദിവസത്തെ ചിത്രീകരണത്തിന് അനുവാദം നൽകിയത്. ആദ്യ ദിവസം രോഗികൾക്ക് ബുദ്ധിമുട്ടുണ്ടായില്ലെങ്കിലും ഇന്നലെ അതായിരുന്നില്ല സ്ഥിതിയെന്ന് പനി ബാധിച്ച മകളുമായി ആശുപത്രിയിൽ എത്തിയ പ്രദേശവാസിയായ സുഗതന്‍ പറയുന്നു.
ആരോഗ്യമന്ത്രിക്കും മെഡിക്കൽ കോളജ് പ്രിൻസിപ്പലിനും പരാതി നൽകാനാണ് സുഗതൻ്റെ തീരുമാനം. കോഴിക്കോട് മെഡിക്കൽ കോളജിന് കീഴിലാണ് ചെറൂപ്പ ഹെൽത്ത് സെൻ്റർ. എന്നാൽ സിനിമ ചിത്രീകരണം കാരണം രോഗികൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ലെന്നാണ് ആശുപത്രിക്കാരുടെ
വിശദീകരണം.