കോഴിക്കോട് പുതുപ്പാടിയിൽ ലഹരിക്ക് അടിമയായ മകൻ രോഗിയായ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ആഷിഖില്‍ നിന്നും മാതാവ് സുബൈദക്ക് ഇരുപതിലധികം വെട്ടേറ്റു. വെട്ടുകൾ ഏറെയും കൊണ്ടത് തലയ്ക്കും കഴുത്തിനുമാണ്.
ആഷിഖിന് ഒന്നര വയസ്സ് പ്രായമുള്ളപ്പോൾ പിതാവ് വിവാഹബന്ധം വേർപ്പെടുത്തി പിരിഞ്ഞു. പിന്നീട് കൂലിപ്പണിക്ക് പോയാണ് സുബൈദ മകനെ വളർത്തിയത്. ലഹരി ഉപയോഗിച്ച് നേരത്തെയും ആഷിഖ് പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. ബ്രെയിൻ ട്യൂമർ ബാധിച്ചതോടെ അടിവാരത്തെ സ്വന്തം വീട്ടിൽ നിന്നും ഇവർ സഹോദരിയുടെ വീട്ടിലേക്ക് താമസം മാറി. അവിടെയും ആഷിഖ് പ്രശ്നങ്ങൾ ഉണ്ടാക്കി. അതോടെ പുതുപ്പാടിയിൽ താമസിക്കുന്ന സഹോദരിക്ക് അടുത്തേക്ക് മാറി.
വീട്ടിലെ ഡൈനിങ് ഹാളിൽ മാതാവിനെ കഴുത്ത് അറുത്ത് കൊന്നശേഷം രക്തംപുരണ്ട കയ്യുമായി നിന്ന ആഷിഖ് ഓടിക്കൂടിയവരോടാണ് കൊലയുടെ കാരണം വെളിപ്പെടുത്തിയത്. തേങ്ങ പൊളിക്കാനാണെന്നു പറഞ്ഞ് മുഹമ്മദ് ആഷിഖ് അടുത്ത വീട്ടിൽ നിന്നു വാങ്ങിയ കൊടുവാൾ ഉപയോഗിച്ചാണു കൊലപാതകം നടത്തിയതെന്നു നാട്ടുകാർ പറഞ്ഞു. പലതവണ ഡി–അഡിക്‌ഷൻ സെന്ററുകളിൽ ഇയാളെ പ്രവേശിപ്പിച്ചിരുന്നു. തനിക്ക് ജന്മം നൽകിയതിനുള്ള ശിക്ഷയാണ് അമ്മയ്ക്കു നൽകിയതെന്ന് അരുംകൊലയുടെ കാരണം ചോദിച്ചവരോട് ആഷിഖ് പറഞ്ഞത്.