കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അസ്ഥിരോഗ വിഭാഗത്തില്‍ ശസ്ത്രക്രിയ മുടങ്ങി മൂന്നാഴ്ച കഴിഞ്ഞിട്ടും അനക്കമില്ലാതെ സര്‍ക്കാര്‍. ആറുകോടി രൂപ കുടിശിക ആയതോടെ കരാറുകാര്‍ സര്‍ജിക്കല്‍ ഉപകരണങ്ങളുടെ വിതരണം നിര്‍ത്തിവച്ചതാണ് ശസ്ത്രക്രിയ നിലയ്ക്കാന്‍ കാരണം. ശസ്ത്രക്രിയയ്ക്ക് തിയതി ലഭിച്ചവരെ പോലും ഡിസ്ചാര്‍ജ് ചെയ്യുകയാണ് ഡോക്ടര്‍മാര്‍.
കാറിടിച്ച് കാലിന് ഗുരുതരമായി പരുക്കേറ്റ പാലക്കാട് സ്വദേശി അയ്യപ്പന്‍ 37–ാം വാര്‍ഡിലെത്തിയിട്ട് ഒരാഴ്ചയായി. ആക്രി പെറുകി ജീവിക്കുന്ന അയ്യപ്പന് ഡോക്ടര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചു. എന്നാല്‍ കാലില്‍ ഇടേണ്ട കമ്പി മെഡിക്കല്‍ കോളജില്‍ ഇല്ല. പുറത്തുനിന്നുവാങ്ങി നല്‍കാന്‍ അയ്യപ്പന് പണവുമില്ല, കൂട്ടിരിപ്പുകാരുമില്ല ആരെങ്കിലും നല്‍കുന്ന ഭക്ഷണം കഴിച്ചാണ് വിശപ്പടക്കുന്നത്.
അയ്യപ്പനെ പോലെ കാലിലേക്ക് ഇരച്ചിറങ്ങുന്ന വേദന കടിച്ചമര്‍ത്തി കഴിയുന്ന നിരവധിപേരുണ്ട് അസ്ഥിരോഗ വാര്‍ഡില്‍. സര്‍ജിക്കല്‍ ഉപകരണങ്ങളുടെ കുറവ് കാരണം മിക്ക ശസ്ത്രക്രിയയകളും നിര്‍ത്തിവച്ചിരിക്കുകയാണ്. ആകെയുള്ളത് പ്ലാസറ്റര്‍ ഇടല്‍ മാത്രം. സ്വകാര്യ ആശുപത്രിയില്‍ പോയാല്‍ ശസ്ത്രക്രിയയ്ക്ക് ഒരു ലക്ഷത്തിലധികം രൂപ ചെലവ് വരും. കമ്പി ഉള്‍പ്പടെ ശസ്ത്രക്രിയയ്ക്കായി ഡോക്ടര്‍ എഴുതുന്ന 70 ശതമാനം സാധനങ്ങളും ആശുപത്രി വികസനസമിതിയുടെ മെഡിക്കല്‍ ഷോപ്പിലോ സര്‍ജിക്കല്‍ സ്റ്റോറിലോ കിട്ടാനില്ല.