കോഴിക്കോട് നഗരസഭയുടെ മാലിന്യ സംസ്കരണ കേന്ദ്രമായ ഞെളിയന്‍പറമ്പില്‍ ഇനി ജനങ്ങള്‍ക്ക് മൂക്കുപ്പൊത്താതെ ജീവിക്കാം. നിലവില്‍ ഉള്ളതും പുതുതായി എത്തുക്കുന്നതുമായ മാലിന്യം ജൈവവളമാക്കാനുള്ള പദ്ധതിക്ക് തുടക്കമായി. വര്‍ഷങ്ങള്‍ നീണ്ട സമരങ്ങള്‍ ഫലം കാണുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.
കരിമ്പിന്‍ ചണ്ടിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ബാക്ടീരിയ ഉപയോഗിച്ച് ഞെളിയന്‍ പറമ്പില്‍ കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങള്‍ ജൈവ വളമാകും. ചാത്തമംഗലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബ്ലാക്ക് ഫ്ലൈ ടെക്നോളജി എന്ന കമ്പനിയാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.ശുദ്ധമായ കരിമ്പിന്‍ ചണ്ടിയില്‍ നിന്നാണ് കമ്പോസ്റ്റിഗ് ബാക്ടീരിയകളെ ഉത്പാദിക്കുക.
മാലിന്യസംസ്കരണത്തിനുള്ള ചിലവ് മുഴുവനായും കമ്പനി നിര്‍വഹിക്കും. നിര്‍മ്മാണത്തില്‍ നിന്ന് ലഭിക്കുന്ന ലാഭവും കമ്പനി എടുക്കും. മലിനജലം ഉപയോഗിച്ച് തീറ്റപ്പുല്‍ കൃഷി നിര്‍മിക്കുന്നതിനും കോര്‍പ്പറേഷന്‍ അനുമതി നല്‍കിയിട്ടുണ്ട്. മാലിന്യത്തില്‍ നിന്ന് വാതകം നിര്‍മ്മിക്കാന്‍ ബിപിസിഎല്ലും സംസ്ഥാന സര്‍ക്കാരില്‍ നിന്നും അനുമതി തേടിയിട്ടുണ്ട്. അധികം വൈകാതെ ഞെളിയം പറമ്പില്‍ നിന്നും മാലിന്യ മലകള്‍ മാഞ്ഞുതുടങ്ങുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.