യാത്രക്കാര്‍ക്ക് തടസമാകുന്നുവെന്ന് പറഞ്ഞ് വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ച കോഴിക്കോട്ടെ മിഠായിത്തെരുവില്‍, കോര്‍പറേഷന്‍ തന്നെ യാത്രക്കാരുടെ വഴി തടസപ്പെടുത്തുന്ന വിചിത്ര കാഴ്ചയും കാണാം. അഴക് പദ്ധതിയുമായി ഭാഗമായി അലക്ഷ്യമായി സ്ഥാപിച്ച ട്വിന്‍ ബിന്നുകളാണ് കാല്‍നട യാത്രക്കാര്‍ക്ക് പണിയായിരിക്കുന്നത്.
മിഠായിത്തെരുവിനോടു ചേര്‍ന്നുള്ള ബസ് സ് റ്റോപ്പാണിത്. ഇതുവഴി കടന്നുപോകുന്ന കാല്‍നടയാത്രക്കാരുടെ കാര്യമാണ് കഷ്ടം. വെള്ളക്കെട്ടില്‍ ചവുട്ടാതെ പോകണമെങ്കില്‍ നിങ്ങള്‍ ലോങ്ജംപ് ചാംപ്യനായിരിക്കണം. വെള്ളത്തില്‍ ചാടാതെ ബസ് സ് റ്റോപ്പിനുള്ളിലൂടെ നടന്ന് പോകാനാണങ്കില്‍ കുറഞ്ഞത് ഒരു അഭ്യാസിയെങ്കിലും ആയിരിക്കണം.
ദിവസവും നൂറുകണക്കിനാളുകള്‍ പോകുന്ന വഴിയിലാണ് ഒരു ചിന്തയുമില്ലാതെ ഇങ്ങനെ കോര്‍പറേഷന്‍ ട്വിന്‍ബിന്‍ സ്ഥാപിച്ചിരിക്കുന്നത്. വേനല്‍മഴ പതിവായതോടെ വെളളക്കെട്ട് ഒഴിഞ്ഞ സമയവുമില്ല ഇപ്പോള്‍ യാത്രക്കാർക്കു തടസ്സമാണന്ന് പറഞ്ഞാണ് ഈ ഭാഗത്തെ തെരുവോരക്കച്ചവടക്കാരെ ഒഴുപ്പിക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടത്. ബസ് കാത്ത് നില്‍ക്കുന്നവര്‍ക്കും വെള്ളക്കെട്ടും ട്വിന്‍ബിന്നും കടന്നേ ബസില്‍ കയറാനുകൂ. നഗരത്തില്‍ ഏറ്റവും തിരക്കേറിയ സ്ഥലത്താണ് യാത്രക്കാരുടെ ഈ ഞാണിന്‍മേല്‍കളിയെന്ന് ഓര്‍ക്കണം.