edakkara-wild-elephant

മലപ്പുറം എടക്കരയിൽ ഒറ്റരാത്രികൊണ്ട് ആനക്കൂട്ടം നശിപ്പിച്ചത് അരയേക്കർ ഭൂമിയിലെ കൃഷി. പാലമേട് ഒന്നാംപടി വലിയ പറമ്പിൽ ബഷീറിന്റെ കൃഷിയിടത്തിലാണ് കഴിഞ്ഞദിവസം കാട്ടാനക്കൂട്ടം ഇറങ്ങിയത്.

 

നിറയെ കായ്ഫലം ഉണ്ടായിരുന്ന കവുങുകളാണ് ആന കുത്തിമലര്‍ത്തിയത്. കഴിഞ്ഞവർഷം ഈ കവുങുകളില്‍ നിന്ന് 90,000 രൂപയുടെ അടയ്ക്കയാണ് വിറ്റത്. ഇക്കുറി പേരിനുപോലും ഒരെണ്ണം അവശേഷിപ്പിക്കാതെ എല്ലാം കാട്ടാന ചവിട്ടി മെതിച്ചു. സമീപത്തെ കരിയം മുരിയം വനത്തിൽ നിന്ന് ഇടയ്ക്കിടെ ആനക്കൂട്ടം പ്രദേശത്തെ കൃഷിയിടത്തിൽ ഇറങ്ങാറുണ്ട്. ആനകളെ പ്രതിരോധിക്കാൻ വനാതിർത്തികളിൽ സ്ഥാപിച്ച വൈദ്യുതവേലി മാസങ്ങളായി പ്രവർത്തനരഹിതമാണ്.

വർഷങ്ങളായി കൃഷി ചെയ്ത് ജീവിക്കുന്നവരാണ് അധികവും. അടുത്തിടെ ഇതുപോലൊരു ആനുശല്യം ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. പലർക്കും രാത്രിയായാൽ ഉറക്കമില്ല. കൃഷിയിടത്തിന് കാവൽ ഇരിക്കേണ്ട അവസ്ഥ. ആനക്കൂട്ടത്തെ ഓടിക്കാൻ പടക്കം പൊട്ടിക്കുന്ന രീതിയെ കർഷകർക്ക് വശമുള്ളൂ. ആദ്യമൊക്കെ പടക്കത്തിന് ശബ്ദം കേട്ടാൽ ആനകൾ പിന്തിരിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അതും കൊണ്ടും ഫലമില്ലാത്ത സ്ഥിതിയാണ്. വർഷങ്ങളുടെ അധ്വാനമാണ് ഈ വിധം ഒറ്റരാത്രികൊണ്ട് ഇല്ലാതാകുന്നത്. ഉള്ളു നീറുന്ന കർഷകന് ഇതൊന്നും കണ്ടുനിൽക്കാൻ ആവില്ല.  ആന ശല്യം ഇതുപോലെ തുടർന്നാൽ കൃഷി ഉപേക്ഷിക്കുകയല്ലാതെ മറ്റു വഴിയില്ലെന്നാണ് കർഷകർ പറയുന്നത്.

ENGLISH SUMMARY:

Wild elephant menace in Edakkara, Malappuram.