TOPICS COVERED

മലപ്പുറം കുറ്റിപ്പുറം ബംഗ്ലാംകുന്നില്‍ ദേശീയപാത നിര്‍മാണത്തെ തുടര്‍ന്ന്  വീട് വിണ്ടുകീറി തകര്‍ന്ന കുടുംബങ്ങള്‍ക്ക് നീതി ഇനിയുമകലെ. നിര്‍മാണ കമ്പനി വീടും സ്ഥലവും ഏറ്റെടുക്കാതായതോടെ മൂന്നുമാസമായി വാടക വീടുകള്‍ കയറി ഇറങ്ങുകയാണ് ഈ കുടുംബങ്ങള്‍.  

സമ്പാതിച്ചതത്രയും ചേര്‍ത്തൊരുക്കി നിര്‍മിച്ചതാണ് ഈ വീടുകള്‍. ആറു കുടുംബങ്ങളുടെ സുഖവും ദുഖവും ഒരുപോലെ കണ്ടിടം. ഇന്ന് വിണ്ടുകീറി ഈ ഹൃദയങ്ങള്‍ക്ക് സങ്കടക്കടലായ്മാറി. 

ദേശീയപാത നിര്‍മാണത്തിന് സ്ഥലം ഏറ്റെടുപ്പ് തുടങ്ങിയപ്പോള്‍ സ്ഥലം വിട്ടു നല്‍കിയവരാണ് പലരും. വികസനത്തിന് ഇവരാരും, എതിരല്ല. പാത നിര്‍മാണത്തിന്‍റെ ഭാഗമായി മണ്ണെടുപ്പ് തുടങ്ങയതോടെയാണ് പ്രദേശത്തെ വീടുകളില്‍ വിള്ളല്‍ രൂപപ്പെട്ടത്. ഭൂമിയും  കിണറുംവരെ വിണ്ടുകീറി.ആറുവീട്ടുകാരെ നിര്‍മാണ കമ്പനി വാടകവീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു. 

വിള്ളല്‍ വീണ പ്രദേശം ഐഐടിയില്‍ നിന്നുള്ള വിദഗ്ദ സംഘം പരിശോധന നടത്തി. ഐഐടി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഭൂമിയും വീടും നാഷണല്‍ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യ ഏറ്റെടുക്കുമെന്നായിരുന്നു ഉറപ്പ്. എന്നാല്‍ മൂന്ന് മാസം പിന്നിടുമ്പോഴും ഈ റിപ്പോര്‍ട്ട് സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. വിള്ളല്‍ വീണ ഭൂമിയില്‍ സിമന്‍റ് നിറച്ച് വിള്ളലടയ്ക്കാന്‍ ശ്രമം നടത്തി. എന്നാല്‍ മഴ കനത്തതോടെ കൂടുതല്‍ ഭാഗം വിണ്ടുകീറി.