ലൈഫ്മിഷന്‍ പദ്ധതിവഴി പണം അനുവദിച്ചിട്ടും മലപ്പുറം കൊണ്ടോട്ടിയിലെ മുപ്പതിലധികം കുടുംബങ്ങളുടെ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായില്ല. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ അനുമതി കിട്ടാതായതോടെ മലപ്പുറം കൊണ്ടോട്ടി നെടയിരുപ്പില്‍ വീട് നിര്‍മാണത്തിനായി തറകെട്ടിയവരടക്കം പ്രതിസന്ധിയിലായി.
ഈ അമ്മയ്ക്ക് ആദിയാണ്. രണ്ട് പെണ്‍മക്കളുമായി അടച്ചുറപ്പില്ലാത്ത വീട്ടില്‍ കഴിയാന്‍ തുടങ്ങിയിട്ട് പതിനെട്ട് വര്‍ഷം പിന്നിടുന്നു. ലൈഫ് മിഷന്‍ പദ്ധതിയില്‍ അപേക്ഷ നല്‍കി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിസ്റ്റില്‍ പേരുണ്ടെങ്കിലും സ്ഥലം വിമാനത്താവള പരിസരത്തായതിനാല്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ എന്‍ഒസി ലഭിച്ചില്ല.
വിമാനം ലാന്‍റ് ചെയ്യുന്ന പ്രദേശങ്ങളില്‍ വീട് നിര്‍മിക്കാന്‍ അനുവദിക്കില്ലെന്നാണ് നഗരസഭ പറയുന്നത്. തലമുറകള്‍ക്ക് മുന്‍പ് പതിച്ചുകിട്ടിയ ഭൂമിയാണിത്. മറ്റൊരിടത്ത് ഭൂമിവാങ്ങി വീടുവയ്ക്കാനുള്ള സാമ്പത്തിക ശേഷിയില്ല. പുഷ്പയെപോലെ നാല്‍പതോളം കുടുംബങ്ങളാണ് പ്രദേശത്ത് സ്ഥലമുണ്ടായിട്ടും വീടുവയ്ക്കാന്‍ മാര്‍ഗമില്ലാതെ പ്രയാസത്തിലായത്.
ഈ കേട്ടത് മറ്റൊരു കഥ. പ്രദേശം വിമാനത്താവളത്തില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയാണ്. എന്നാല്‍ ഈ പരിധിയില്‍ തന്നെ ചില വീടുകള്‍ നിര്‍മിച്ചിട്ടുമുണ്ട്. വീടുകളെക്കാള്‍ ഉയരത്തില്‍ മരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്ന ഈ ഭൂമിയില്‍ മരങ്ങളെക്കാള്‍ താഴ്ചയില്‍ ഒരു കൂര തട്ടിക്കൂട്ടാന്‍ സാധിക്കാതെ നിസഹായതയിലാണ് കോളനിക്കാര്‍.